കായിക വളര്‍ച്ചയ്ക്ക് പ്രാദേശിക തലങ്ങളില്‍ ജനകീയ കൂട്ടായ്മ ഉയര്‍ന്നു വരണം: കിഷോര്‍ കുമാര്‍
1298433
Tuesday, May 30, 2023 12:10 AM IST
താമരശേരി: കായിക വളര്‍ച്ചയ്ക്ക് പ്രാദേശിക തലങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും കായിക താരങ്ങളെ ചേര്‍ത്ത് നിര്‍ത്താന്‍ സമൂഹം തയ്യാറാവണമെന്നും മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍ കിഷോര്‍ കുമാര്‍.
താമരശേരി സ്പോര്‍ട്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അവധിക്കാല കായിക പരിശീലന ക്യാമ്പ് സന്ദര്‍ശിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കായിക താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുമായി താമരശേരി സ്പോര്‍ട്സ് ക്ലബ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും കായിക താരമെന്ന നിലയില്‍ ക്ലബ് നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ക്ലബ് ചെയര്മാന് പി.പി. ഹാഫിസ് റഹ്മാന് അധ്യക്ഷത വഹിച്ചു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. സൗദാബീവി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.കെ. കൗസര്‍, എ.പി. സമദ്, പരിശീലകരായ ഗാന്ധി ജോണ്സണ്, രാജന് മണിയൂര്‍, എം. സുല്‍ഫിക്കര്‍, ഷംസീര്‍ എടവലം എന്നിവര്‍ പ്രസംഗിച്ചു.