കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവയ്ക്കാൻ നടപടിയുമായി ചാലിയാർ പഞ്ചായത്ത് : 17 ഷൂട്ടർമാർക്ക് ചുമതല
1575652
Monday, July 14, 2025 5:59 AM IST
നിലമ്പൂർ: കാട്ടുപന്നികളെ വെടിവയ്ക്കാൻ ശക്തമായ നടപടിയുമായി ചാലിയാർ ഗ്രാമപഞ്ചായത്ത്. ഇതിനായി തോക്ക് ലൈസൻസുള്ള 17 ഷൂട്ടർമാരെ നിയമിച്ചു. ഇന്ന് മുതൽ കാട്ടുപന്നികളെ വെടിവയ്ക്കും. ഷൂട്ടർമാരുടെ യോഗം ഇന്ന് ചാലിയാർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. പെരുമ്പത്തൂർ. എളമ്പിലാക്കോട്, മുട്ടിയേൽ വാർഡുകളിലാണ് ഇന്ന് രാത്രി കാട്ടുപന്നികളെ വെടിവയ്ക്കുക.
രാത്രികാലങ്ങളിൽ വളർത്ത് മൃഗങ്ങളെ കൂട്ടിനുള്ളിൽ തന്നെ സംരക്ഷിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജനകീയ കൂട്ടായ്മ വാർഡ് കമ്മിറ്റി ഭാരവാഹികളുടെ നിർദേശങ്ങൾ ഓരോ വാർഡുകളിലെയും ജനങ്ങൾ പാലിക്കണം.
ഇന്ന് മുതൽ ശല്യകാരായ കാട്ടുപന്നികളെ വെടിവച്ചു തുടങ്ങും. ഒരുമാസം നീണ്ടുനിൽക്കുന്ന പദ്ധതിക്കാണ് ഇന്ന് തുടക്കമാവുക. ഇതിനായി ജനകീയ കൂട്ടായ്മ പഞ്ചായത്ത് വാർഡ് കമ്മിറ്റികൾ രൂപികരിച്ചിട്ടുണ്ട്. എസ്റ്റേറ്റുകളും സ്വകാര്യ സ്ഥലങ്ങളോട് ചേർന്ന് കൃഷിയിടങ്ങളും കിടക്കുന്നതിനാൽ പഞ്ചായത്തിലെ ജനങ്ങൾ വലിയ തോതിൽ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭീഷണിയിലാണ്.
കാട്ടുപന്നി ശല്യം അതിരൂക്ഷമായ ചാലിയാർ പഞ്ചായത്തിൽ കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവയ്ക്കാനുള്ള പഞ്ചായത്ത് നടപടി ജനങ്ങൾക്ക് ആശ്വാസമാകും. കൃഷിയിടങ്ങളിലേക്കും റോഡുകളിലേക്കും എത്തുന്ന പന്നികളെയായിരിക്കും വെടിവയ്ക്കുക. അതിനാൽ ജനങ്ങൾ കടുത്ത ജാഗ്രത പുലർത്തണമെന്ന് എളമ്പിലാക്കോട്ചേർന്ന ജനകീയ കൂട്ടായ്മ യോഗത്തിൽ നിർദേശം നൽകി.
കാട്ടാന ശല്യത്തിന് പരിഹാരം വേണമെങ്കിൽസോളാർ വൈദ്യുത വേലിയോ മതിലുകളോ വനാതിർത്തികളിൽ സ്ഥാപിക്കേണ്ടിവരും. ശല്യകാരായ കാട്ടാനകളെ കാടുകയറ്റാൻ വനംവകുപ്പുമായി ചേർന്ന് കർമപദ്ധതി പഞ്ചായത്ത് തയാറാക്കുകയും വേണം. കാട്ടുപന്നികളെ വെടിവെയ്ക്കാൻ നേരത്തെ തന്നെ ഗ്രാമപഞ്ചായത്തിന് അധികാരം ലഭിച്ചിരുന്നെങ്കിലും ചാലിയാർ പഞ്ചായത്തിൽ അത് കാര്യക്ഷമമായി നടപ്പാക്കിയില്ല.
കാട്ടുപന്നികൾ കൂട്ടത്തോടെ റോഡുകൾ മുറിച്ച് കടക്കുകയും വലിയ തോതിൽ കൃഷിനാശം വരുത്തുകയും ചെയ്തതോടെ കർഷകരുടെ ഭാഗത്ത് നിന്നും ഉണ്ടായ വലിയ പ്രതിഷേധങ്ങളുടെ ഫലമായാണ് പഞ്ചായത്ത് അധികൃതർ ശക്തമായ നടപടിക്ക് തയാറായത്. എളമ്പിലാക്കോട് ചേർന്ന ജനകീയ കൂട്ടായ്മ യോഗത്തിൽ ചാലിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ ദേവദാസ് അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തണിയിൽ സുരേഷ്. ഗ്രാമപഞ്ചായത്തംഗം മഞ്ജു അനിൽ, എൻസിപി ജില്ലാ ജനറൽ സെക്രട്ടറി പൂഴിത്തറ ഷാഹുൽ, വീരാൻ കുട്ടി വലിയാട്, കുന്നുമ്മൽ ഷൗക്കത്ത്, രാജു വൈലാശേരി, ഇബ്രാഹിം കാനക്കുത്ത്, അബ്ദുറഹ്മാൻ, ജേക്കബ് വൈലാശേരി എന്നിവർ പങ്കെടുത്തു.