"ദുർബലന്റെ മുഖത്ത് നോക്കി യുഡിഎഫ് തുപ്പുന്നു'
1565516
Saturday, June 7, 2025 5:50 AM IST
നിലമ്പൂർ: ക്ഷേമ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ പരാമർശത്തിനെതിരേ കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നിലമ്പൂർ ചന്തക്കുന്നിൽ പ്രതിഷേധ സംഗമം നടത്തി.
ക്ഷേമ പെൻഷൻ കൈക്കൂലിപ്പണമാണെന്ന് ആക്ഷേപിച്ച് കോൺഗ്രസ് നേതാക്കൾ ദുർബലന്റെ മുഖത്ത് തുപ്പുകയാണെന്ന് ചന്തക്കുന്നിൽ സംഗമം ഉദ്ഘാടനം ചെയ്ത് യൂണിയൻ അഖിലേന്ത്യാ പ്രസിഡന്റ് എ. വിജയരാഘവൻ പറഞ്ഞു.
പെൻഷൻ നേരത്തിന് കൊടുക്കാത്തതിൽ റിക്കാർഡിട്ടവരാണ് യുഡിഎഫുകാർ. പാവങ്ങളെ സഹായിച്ചില്ലെങ്കിലും അപമാനിക്കരുത്. ദേശീയപാത നിർമാണം കോടതി കയറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും വിജയരാഘവൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എൻ.പി. അലവി അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ, ഇ. ജയൻ, എൻ.കണ്ണൻ, എൻ.മോഹനൻ എന്നിവർ പ്രസംഗിച്ചു.