ബ്യൂട്ടിക്ലിനിക്കിൽ മോഷണം: ഒരുലക്ഷം രൂപയുടെ നഷ്ടം
1517414
Monday, February 24, 2025 6:21 AM IST
നേമം: ആളില്ലാതിരുന്ന വീടും ബ്യൂട്ടിക്ലിനിക്കും കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ ഗിൽറ്റ് ആഭരണങ്ങളും കോസ്മെറ്റിക്ക് വസ്തുക്കളും കവർന്നു. പള്ളിച്ചൽ വെടിവെച്ചാൻ കോവിൽ പുന്നമൂട് തെരുവിൽ വിനായക ഓഡിറ്റോറിയത്തിനു സമീപം വിമുക്തഭടനായ ജനാർദനൻ പിള്ളയുടെ വീട്ടിലാണ് കവർച്ച നടന്നത്.
വീടിനോടു ചേർന്നു പ്രവർത്തിക്കുന്ന ജനാർദനൻ പിള്ളുടെ ഭാര്യ ബിജിയുടെ ബ്യൂട്ടി ക്ലിനിക്കിൽ നിന്നാണ് കോസ് മെറ്റിക്ക് സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുള്ളത്. വീടിന്റെ അകത്തു കയറി കിടപ്പുമുറികളിലെ അലമാരകളും മേശകളും വാരിവലിച്ചിട്ട് പരിശോധിച്ച നിലയിലായിരുന്നു. ശനിയാഴ്ച രാത്രി ഒന്പ തോടെയാണ് ജനാർദനൻ പിള്ളയും ഭാര്യയും അടുത്തിടെ നിർമിച്ച പുതിയ വീട്ടിൽ കിടക്കാൻ പോയത്.
ഇന്നലെ രാവിലെ എട്ടു മണിയോടെ പഴയ വീട്ടിലേയ്ക്ക് എത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന നിലയിൽ കണ്ടത്. വീടിന്റെ ഗേറ്റിന്റെ പൂട്ട് പൊളിച്ചിട്ടില്ല. ചുറ്റുമതിൽ ചാടി കടന്നായിരിക്കാം മോഷ്ടാക്കൾ അകത്തു കയറി കവർച്ച നടത്തിയതെന്ന് കരുതുന്നു. പ്രിന്റും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. നരുവാമൂട് പോലീസ് അന്വേഷണം തുടങ്ങി.