ശമ്പളം തടയാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമെന്ന് എം. വിൻസന്റ്
1517403
Monday, February 24, 2025 6:10 AM IST
തിരുവനന്തപുരം: ടിഡിഎഫ് ഫെബ്രുവരി നാലിനു നടത്തിയ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കാൻ ലക്ഷ്യംവച്ചു കൊണ്ട് മാനേജ്മെന്റ് കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവ് ജനാധിപത്യ വിരുദ്ധവും നിയമ വിരുദ്ധവുമാണെന്നും അത് അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരം നേരിടേണ്ടി വരുമെന്നും എം. വിൻസന്റ് എംഎൽഎ പറഞ്ഞു.
നിയമപരമായി മുൻകൂർ നോട്ടീസ് നൽകി നടത്തിയ പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് ഒരു ദിവസത്തെ ഡയസ്നോൺ ബാധകമാക്കി മാനേജ്മെന്റ് ഉത്തരവിറക്കിയിരുന്നു. അത് കൂടാതെയാണ് ഒരു മാസത്തെ ശമ്പളം വൈകിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ട് പണിമുടക്കിയവരുടെ ശംബള ബില്ലുകൾ പിന്നീട് നിർദേശം വന്നശേഷം അയച്ചാൽ മതിയെന്ന തരത്തിൽ ഉത്തരവിറക്കിയത്.
ഒന്നാം തീയതി ശംബളം നൽകുമെന്ന ഗതാഗത മന്ത്രിയുടെ വാക്ക് പാഴ്വാക്കായതിന്റെ ജാള്യത മറയ്ക്കാനും ഇത്തരം നിയമവിരുദ്ധ ഉത്തരവുകളിലൂടെ പണിമുടക്കിയ ഭൂരിപക്ഷം തൊഴിലാളികളുടെ ശന്പളം വൈകിപ്പിച്ച് ബാക്കി ഉള്ളവർക്ക് തുച്ഛമായ തുക ഉപയോഗിച്ചു കൊണ്ട് ശമ്പളം നേരത്തേ നൽകി മേനി നടിക്കാനുമുള്ള നാണംകെട്ട ശ്രമമാണ് ഗതാഗത മന്ത്രി നടത്തുന്നതെന്ന് എം. വിൻസന്റ് എംഎൽഎ പരിഹസിച്ചു.