1860 കിലോമീറ്റർ സഞ്ചരിച്ച സൈക്കിൾ റാലി വിഴിഞ്ഞത്ത് സമാപിച്ചു
1517406
Monday, February 24, 2025 6:10 AM IST
വിഴിഞ്ഞം: ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ 49-ാമത് സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 1860 കിലോമീറ്റർ ദൂരം സഞ്ചരിച്ച സൈക്കിൾ റാലി വിഴിഞ്ഞത്ത് സമാപിച്ചു. സേനയുടെ ദേശീയ സേവനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത പ്രകടമാക്കി സംഘടിപ്പിച്ച റാലി ഫെബ്രുവരി രണ്ടിനു ഐസിജിഎസ് ദാമനിൽ നിന്നാണ് ആരംഭിച്ചത്.
കോസ്റ്റ് ഗാർഡ് ഐജി ബിശ്വം ശർമയാണ് സൈക്കിൾ റാലി ഫ്ളാഗ് ഓഫ് ചെയ്തത്. സമുദ്ര സുരക്ഷ, പരിസ്ഥിതി എന്നിവയോടുള്ള ഐസിജിയുടെ സമർപ്പണത്തിന്റെ ഭാഗമായി വയംരക്ഷമ എന്ന മുദ്രാവാക്യം മുൻനിർത്തി ഡെപ്യൂട്ടി കമാൻഡന്റ് ടി.സി. സ്വാമിനാഥന്റെ നേതൃത്വത്തിൽ 20 പേരടങ്ങുന്ന സംഘം വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലൂടെയും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലൂടെയും സഞ്ചരിച്ചാണ് വിഴിഞ്ഞത്തെത്തിയത്.
കോസ്റ്റ് ഗാർഡിന്റെ വിഴിഞ്ഞം സ്റ്റേഷനിൽ നടന്ന സമാപന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ മുഖ്യാതിഥിയായി പങ്കെടു ത്തു. കോസ്റ്റ് ഗാർഡ് ജില്ലാ കമാൻഡർ ഡിഐജി എൻ. രവി, വിഴിഞ്ഞം സ്റ്റേഷൻ കമാൻഡർ കമാൻഡന്റ് ജി. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.