വട്ടപ്പാറയില്‍ ദന്പതികൾ മരിച്ചനിലയിൽ : ഭാര്യ കഴുത്തറുത്തറുക്കപ്പെട്ടും ഭർത്താവ് തൂങ്ങി മരിച്ച നിലയിലും
1517401
Monday, February 24, 2025 6:10 AM IST
വെഞ്ഞാറമൂട്: വട്ടപ്പാറയില്‍ ദമ്പതികളെ മരിച്ച നില യിൽ കണ്ടെത്തി. ഭാര്യയെ മുറിവേറ്റും ഭര്‍ത്താവിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചതാകാമെന്നാണ് നിഗമനം. വട്ടപ്പാറ കുറ്റിയാണി അജിത് ഭവനില്‍ ബാലചന്ദ്രന് (67) ഭാര്യ ജയലഷ്മി (63) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണു നാടിനെ നടുക്കിയ സംഭവം. രാവിലെ പതിനൊന്നോയോടെ ഒരു കിലോമീറ്റര്‍ അപ്പുറം താമസിക്കുന്ന മരുമകള്‍ രമ്യയെ ബാലചന്ദ്രന് ഫോണില്‍ വിളിച്ച് ഞങ്ങള്‍ ഒരു യാത്ര പോകുന്നു എന്നു പറഞ്ഞിരുന്നു. എന്നാല്‍ സുഖമില്ലാത്ത ജയലക്ഷ്മിക്ക് ദൂരയാത്ര പ്രയാസമായതുകൊണ്ട് തന്നെ രമ്യ അതു വിശ്വസിച്ചില്ലെന്നു മാത്രമല്ല ഉടന്‍ ബാലചന്ദ്രനന്റെ വീട്ടില്‍ എത്തുകയും ചെയ്തു.
എന്നാല്‍ പ്രതികരണമൊന്നും ഉണ്ടാവുകയോ വാതില്‍ തുറക്കുകയോ ഉണ്ടായില്ല. ഇതോടെ സമീപവാസികളുടെ സഹായത്തോടെ വാതില്‍ തള്ളി തുറന്നു നോക്കുമ്പോള്‍ കിടപ്പുമുറിയില്‍ കട്ടിലില്‍ ജയലക്ഷ്മി കഴുത്തില്‍ മുറിവേറ്റു രക്തംവാര്‍ന്നു മരിച്ച നിലയിലും, ബാലചന്ദ്രനെ ഫാനിന്റെ ഹൂക്കില്‍ തൂങ്ങിയ നിലയിലും കാണപ്പെടുകയായിരുന്നു. തുടര്‍ന്നു വട്ടപ്പാറ പോലിസില്‍ വിവരം അറിയിക്കുയും ചെയ്തു.
പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ മെഡിക്കൽ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. ജയലക്ഷ്മി ന്യൂറോ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നു ചികിത്സയില്‍ ആയിരുന്നു. സമീപത്തൊക്കെ തന്നെയാണ് മക്കള്‍ താമസമെങ്കിലും അവരെ പരമാവധി ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ബാലചന്ദ്രനും ഭാര്യയും ശ്രമിച്ചിരുന്നുവെന്നും വീട്ടിലെ പാചകമൊക്കെ ബാലചന്ദ്രനായിരുന്നു ചെയ്തിരുന്നതെന്നും, മക്കളും ഇടയ്ക്കിടെ വരാറുണ്ടന്നും അയല്‍വാസികള്‍ പറയുന്നു.
ജയലക്ഷ്മിയുടെ അസുഖം രണ്ടുപേരിലും മനോവിഷമം ഉണ്ടാക്കിയിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നുണ്ട്. ഇതിലുള്ള മനോവിഷമത്തില്‍ ഭാര്യയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ബാലചന്ദ്രന് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം. ബാലചന്ദ്രന് കോണ്ട്രാക്ടര് ആയിരുന്നു. മക്കള്‍. ശരത് (പോലീസ് ), വൈശാഖ്. മരുമക്കള്‍: അശ്വതി, രമ്യ.