കുടപ്പനക്കുന്നില്‍ വീണ്ടും പൈപ്പ് പൊട്ടി; ഇന്ന് ഉച്ചവരെ കുടിവെള്ളം മുടങ്ങും
1517408
Monday, February 24, 2025 6:10 AM IST
പേരൂര്‍ക്കട: കുടപ്പനക്കുന്ന് ജംഗ് ഷനില്‍ വീണ്ടും പൈപ്പ് പൊട്ടി കുടിവെള്ള വിതരണം പൂര്‍ണമായി മുടങ്ങി. പേരൂര്‍ക്കടയില്‍ നിന്ന് മണ്ണന്തല ഭാഗത്തേക്കു ജലമെത്തിക്കുന്ന എസി പൈപ്പാണ് ഇവിടെ വീണ്ടും പൊട്ടിയത്.
അഞ്ചുദിവസത്തിനുമുമ്പ് ഈ ഭാഗത്ത് പൈപ്പിന്റെ അറ്റകുറ്റപ്പണി മൂലം രണ്ടുദിവസം കുടപ്പനക്കുന്ന്, എംഎല്‍എ റോഡ്, പാതിരിപ്പള്ളി, ചൂഴമ്പാല, ഇരപ്പുകുഴി, കല്ലയം, മണ്ണന്തല തുടങ്ങിയ സ്ഥലങ്ങളില്‍ കുടിവെള്ളം പൂര്‍ണമായും മുടങ്ങുകയുണ്ടായി. അതിനിടെയാണ് ഇന്നലെ രാവിലെ മുതല്‍ ആദ്യം പൈപ്പ് പൊട്ടിയതിന് ഏതാനും മീറ്ററുകള്‍ അകലെയായി വീണ്ടും ചോര്‍ച്ച കണ്ടെത്തിയത്. വന്‍ തോതില്‍ ജലം മണ്ണിനടിയിലൂടെ ഒഴുകുകയായിരുന്നു. 10 മണിയോടുകൂടിയാണ് റോഡ് കുഴിച്ച് അറ്റകുറ്റപ്പണി ആരംഭിച്ചത്. അതേസമയം ഞായറാഴ്ചയായതുകൊണ്ട് കാര്യമായ തിരക്കില്ലാതിരുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടായില്ല.
ഒന്നരയാള്‍ താഴ്ചയില്‍ കടന്നുപോകുന്ന എസി പൈപ്പിന്റെ കാലാവധി 30 വര്‍ഷമാണ്. 38 വര്‍ഷം പൂര്‍ത്തിയായതോടെയാണ് കാലപ്പഴക്കംമൂലം നിരന്തരം പൈപ്പ് പൊട്ടുന്നത്. ഏകദേശം നാലു കിലോമീറ്റര്‍ വരുന്ന ഭാഗത്തെ എസി പൈപ്പുകള്‍ പൂര്‍ണമായി മാറ്റിസ്ഥാപിക്കാനുള്ള തീരുമാനമായിട്ടുണ്ടെന്നാണ് പേരൂര്‍ക്കട എഇ അറിയിച്ചത്.
പൈപ്പിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഇന്നു തന്നെ എല്ലായിടത്തും ജലവിതരണം പുനരാരംഭിക്കുമെന്നു പേരൂര്‍ക്കട സെക്ഷന്‍ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉള്‍പ്പെടെ പൂര്‍ണതോതില്‍ ജലമെത്തുന്നതിന് ഉച്ചവരെ കാത്തിരിക്കേണ്ടിവരും. നിരന്തരമുള്ള പൈപ്പ് പൊട്ടലുകളും കുടിവെള്ള വിതരണം നിലയ്ക്കുന്നതും ജനങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പൈപ്പിന്റെ കാലപ്പഴക്കം കണക്കിലെടുത്ത് വാല്‍വ് പൂർണമായി തുറക്കാത്തപക്ഷം എല്ലായിടത്തും കുടിവെള്ളം കിട്ടാന്‍ സാധ്യതയില്ല. അതേസമയം കുടിവെള്ളം മുടങ്ങുന്ന പരമാവധി സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലമെത്തിക്കുമെന്നു വാട്ടര്‍ അഥോറിറ്റി വ്യക്തമാക്കി.