പട്ടയമോഹവുമായി നെയ്യാർ അഞ്ചുചങ്ങല നിവാസികൾ
1517014
Sunday, February 23, 2025 6:06 AM IST
കാട്ടാക്കട: പട്ടയം സ്വപ്നം കണ്ട് നെയ്യാർ അഞ്ചുചങ്ങല പ്രദേശത്തെവാസികൾ. വർഷങ്ങൾക്കു മുൻപ് കുടിയേറി താമസിക്കുന്ന കുടുംബങ്ങൾക്കു കൈവശഭൂമിക്കു പട്ടയം നൽകണമെന്നുള്ളത് അരനൂറ്റാണ്ടിലേറെയുള്ള ആവശ്യമാണ്. അടുത്തിടയെയും യോഗം ചേർന്നു പട്ടയം നൽകാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ അത് യാഥാർഥ്യമാകുമോ എന്ന ആശങ്കയാണിപ്പോൾ പ്രദേശവാസികൾ.
നെയ്യാർഡാം റിസർവോയറിനു ചുറ്റുമായി കള്ളിക്കാട്, അമ്പൂരി, വാഴിച്ചൽ വില്ലേജുകളിലെ അഞ്ചുചങ്ങല പ്രദേശത്തെ താമസക്കാർക്കു പട്ടയത്തിനായുള്ള നടപടികൾ തുടങ്ങിയെങ്കിലും പ്രശ്നങ്ങൾ നിരവധിയാണ്. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയായിരുന്നു പട്ടയം ലഭ്യമാക്കുന്നതിനുള്ള പ്രധാന തടസം.
വാഴിച്ചൽ വില്ലേജിൽ അഞ്ചുചങ്ങല മേഖലയിൽ ഉൾപ്പെട്ട പ്രദേശം റവന്യു രേഖകളിൽ വനംവകുപ്പിനു കീഴിലുള്ള ക്ലാമല- റിസർവ് ഫോറസ്റ്റ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജലാശയത്തിന്റെ 20 മീറ്റർ പരിധിക്കുള്ളിൽ പുതിയ നിർമാണങ്ങൾ പാടില്ലെന്ന് ഉത്തരവുമുണ്ട്. എന്നാൽ, ഈ പ്രദേശം 50 വർഷത്തിലധികമായി ജനങ്ങൾ അധിവസിക്കുന്നതും കാർഷികവൃത്തിയിൽ ഏർപ്പെട്ടുവരികയും ചെയ്യുന്ന മേഖലയാണ്.
റവന്യു രേഖകളിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളതിനാൽ പ്രസ്തുത പ്രദേശത്തെ ജനങ്ങൾക്കു പട്ടയം ലഭ്യമാക്കി നൽകുന്നതിനു കേന്ദ്ര വനംവകുപ്പിന്റെ നിരാക്ഷേപ പത്രം (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ആവശ്യമായിരുന്നു. ഇതു ലഭ്യമാക്കി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിസംബറിൽ സി.കെ. ഹരീന്ദ്രൻ എംഎൽഎ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനു നിവേദനം നൽകിയതിനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ എൻഒസിയും ലഭിക്കുകയും ചെയ്തു.
നെയ്യാർഡാമിന്റെ ആയക്കെട്ട് പ്രദേശത്തോട് ഏറ്റവുമടുത്തു താമസിക്കുന്ന കുടുംബങ്ങളെയാണ് പട്ടയവിതരണത്തിന്റെ ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്നത്. നിലവിൽ 936 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. കള്ളിക്കാട്, അമ്പൂരി, വാഴിച്ചൽ വില്ലേജുകളിലായി വരുന്ന നെയ്യാർ അണക്കെട്ടിന്റെ ആയക്കെട്ട് പ്രദേശമായ 818.82 ഏക്കർ ഭൂമിയാണ് നിലവിൽ കൈയേറ്റഭൂമിയായി കണക്കാക്കുന്നത്.