സോഷ്യൽ മീഡിയ ഉപയോഗിച്ച് ലക്ഷങ്ങൾ തട്ടിയ മൂന്നംഗ സംഘം പിടിയിൽ
1465605
Friday, November 1, 2024 5:28 AM IST
പേരൂർക്കട: സോഷ്യൽ മീഡിയയെ മറയാക്കി മണക്കാട് സ്വദേശിയായ യുവാവിൽനിന്ന് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തിൽ വിദേശി ഉൾപ്പെടെ മൂന്നുപേരെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. വിയറ്റ്നാം സ്വദേശി ലേ ക്വാക് ട്രുവോംഗ് (26), തമിഴ്നാട് സ്വദേശികളായ കണ്ണൻ (25), മനോജ് കുമാർ (26) എന്നിവരാണ് അറസ്റ്റിലായത്.
സോഷ്യൽ മീഡിയ വഴി സിനിമകളുടെ പരസ്യങ്ങൾ പോസ്റ്റ് ചെയ്യുമെന്നും ഇതിനു പരമാവധി ലൈക്കും ഷെയറും നേടിയെടുക്കുകയാണെങ്കിൽ പണം ലഭിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ഇതുവഴി ലഭിക്കാവുന്ന പണം ഇരട്ടിയാക്കാനുള്ള മാർഗവും പ്രതികൾ മണക്കാട് സ്വദേശിക്കു പറഞ്ഞു നൽ കി.
സിനിമാ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ സ്ഥിരമായി എത്തുമെന്നും ധാരാളം പണം കിട്ടുമെന്നും വാഗ്ദാനം ചെയ്ത ശേഷം കുറച്ചു തുക ഇൻവെസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടു പല ഘട്ടങ്ങളിലായി 2,60,000 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. കബളിപ്പിക്കപ്പെട്ടു എന്നു മനസിലായതോടെ യുവാവ് ഫോർട്ട് സ്റ്റേഷനിൽ പരാതിയുമായി എത്തി. അന്വേഷണം നടന്നുവരുന്നതിനിടെ പ്രതികൾ സ്ഥലത്തുനിന്നും മുങ്ങി. വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെ ഹൈദരാബാദിനടുത്തുള്ള റേനിഗുണ്ടയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കമ്പോഡിയയിൽ ജോലി ചെയ്തിരുന്ന വേളയിലാണ് തമിഴ്നാട് സ്വദേശികൾ ട്രൂവോംഗുമായി പരിചയപ്പെട്ടത്.
ഫോർട്ട് സിഐ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ശ്രീകുമാർ, എഎസ്ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.