തുളസീറാമിന്റെ ഉണ്ണിയേശു..!
1465076
Wednesday, October 30, 2024 6:45 AM IST
തിരുവനന്തപുരം: ഓരോ ശില്പവും അച്ചില്‍നിന്ന് വേര്‍പെടുത്തുമ്പോള്‍ തുളസീറാമിന്റെ മുഖത്ത് പടരുന്നത് ഒരു വാത്സല്യച്ചിരിയാണ്. രാജസ്ഥാനില്നിന്നുകേരളത്തിലേക്കു കുടിയേറിയ അച്ഛന് രാജുവിനും അമ്മ ലക്ഷ്മിക്കും പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ പ്രതിമകള്‍ നിര്‍മിച്ചു വില്‍ക്കുന്നത് ഉപജീവന മാര്‍ഗമാണെങ്കില്‍ മകന് തുളസീറാമിന് അത് ഒരു കലാപ്രവര്‍ത്തനമാണ്.
പ്രതിമകള്‍ നിറഞ്ഞ തിരുവനന്തപുരം പാരുക്കുഴിയിലെ വീട്ടില്‍ അവന് ഏറ്റവും പ്രിയപ്പെട്ട പ്രതിമ ഉണ്ണിയേശുവാണ്. അതുകൊണ്ടാണ് ജില്ലാ ശാസ്ത്രമേളയിലെ പ്ലാസ്റ്റര്‍ ഓഫ് പാരീസ് ശില്പനിര്മാണ മത്സരത്തിലും അവന് ഉണ്ണിയേശുവിന്റെ പ്രതിമ തന്നെ ആദ്യം നിര്‍മിച്ചത്. പിന്നെ നിര്‍മിച്ചത് യേശുവിന്റെ പിതാവ് ജോസഫിന്റെയും മാതാവ് മേരിയുടെയും പ്രതിമകളാണ്.
കഴിഞ്ഞ 25 വര്‍ഷമായി തുളസീറാമിന്റെ കുടുംബം താമസിക്കുന്നത് വെടിവെച്ചാന്കോവിലിനു സമീപമുള്ള പാരുക്കുഴിയിലാണ്. പ്ളാസ്റ്റര്‍ ഒാഫ് പാരീസിലും സിമന്റിലും ശില്പ്പങ്ങള് നിര്‍മിച്ച് വില്‍പ്പന നടത്തിയാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. മാതാപിതാക്കളുടെ ശില്പനിര്മാണ വൈഭവം അങ്ങനെതന്നെ കിട്ടിയിട്ടുള്ള തുളസീറാം ജനിച്ചതും പഠിച്ചു വളര്‍ന്നതുമെല്ലാം തിരുവനന്തപുരത്ത് തന്നെയാണ്.
ഇപ്പോള്‍ മരുതൂര്‍ക്കോണം ഗവണ്മെന്റ് എച്ച്എസ്എസിലെ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ഥിയാണ്. പഠനത്തോടൊപ്പം മാതാപിതാക്കളെ ശില്പനിര്മാണത്തിലും സഹായിക്കും. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ സഹോദരന് സുരേഷും ശില്പനിര്മാണത്തില് തല്പരനാണ്.