ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ അൽപശി ഉത്സവം കൊടിയേറി
1465570
Friday, November 1, 2024 2:38 AM IST
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉത്സവത്തിനു കൊടിയേറി. പെരിയനമ്പിയും പഞ്ചഗവ്യത്തു നമ്പിയും കിഴക്കേനടയിലെ സ്വര്ണകൊടിമരത്തിനു സമീപം കൊണ്ടുവന്ന കൊടി ഏറ്റുവാങ്ങി ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ പ്രദീപ് നമ്പൂതിരിപ്പാട് കൊടിയേറ്റം നിർവഹിച്ചു.
തുടർന്ന് നെയ്തശേരി മഠം, കൂപകര മഠം, കൊല്ലൂര്‍ അത്തിയറമഠം, വഞ്ചിയൂര്‍ അത്തിയറമഠം പോറ്റിമാര്‍ക്കു ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസര്‍ ബി. മഹേഷ് ദക്ഷിണ നല്കി. ഇതോടൊപ്പം തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും കൊടിയേറ്റം നടന്നു. ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തിലാണു തിരുവമ്പാടി നടയിൽ കൊടിയേററു ചടങ്ങു നടന്നത്.
ഭരണസമിതി അംഗമായ തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാള്‍ ആദിത്യവർമ, തുളസി ഭാസ്കരന്, കരമന ജയന്, ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസര്‍ ബി. മഹേഷ്, ക്ഷേത്രം മാനേജര്‍ ബി. ശ്രീകുമാര്‍, എഒ എ.ജി. ശ്രീഹരി, വിജിലന്‍സ് ഓഫീസര്‍ വി. സുരേഷ് കുമാർ, ഫിനാന്‍സ് ഓഫീസര്‍ വെങ്കട് സുബ്രഹ്മണ്യം, ശ്രീകാര്യക്കാര്‍ എന്നിവരും മറ്റു ക്ഷേത്രം ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥന്മാരും ഭക്തരും ചടങ്ങിൽ പങ്കെടുത്തു. പള്ളിവേട്ട ദിവസത്തേക്കുവേണ്ട മുള പൂജയ് ക്കായി മിത്രാനന്ദപുരം ക്ഷേത്രക്കുളത്തിൽനിന്നു മണ്ണുനീരുകോരൽ ചടങ്ങും നടന്നു.