നെയ്യാർഡാം വലതുകര കനാൽ റോഡ് ഇടിയുന്നു
1465562
Friday, November 1, 2024 2:38 AM IST
കാട്ടാക്കട : നെയ്യാർഡാം റോഡ് ഇടിയുന്നു. ആശങ്കയിൽ നാട്ടുകാർ.കള്ളിക്കാട്-നെയ്യാർഡാം റോഡിന്റെ ഒരുവശത്ത് നെയ്യാർഡാം വലതുകര കനാലിനോടു ചേർന്നുവരുന്ന ഭാഗത്തെ മണ്ണിടിയുന്നതാണ് അപകടഭീതിയുണ്ടാക്കുന്നത്. മണ്ണിടിച്ചിൽ തടയാൻ അടിയന്തര നടപടി വേണമെന്ന ആവശ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു പരിഗണനയുമില്ലാത്തതു പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.
നിലവിൽ റോഡിന്റെ ഈ ഭാഗം വിണ്ടുകീറിയ സ്ഥിതിയിലാണ്. റോഡ് പൊതുമരാമത്ത് ആര്യനാട് സെക്ഷനു കീഴിലാണെങ്കിലും ഈ ഭാഗത്തെ ഭൂമി ജലവിഭവ വകുപ്പിന്റേതാണ്. നെയ്യാർ ഇറിഗേഷനാണ് ചുമതല. റോഡിനും കനാലിനും ഇടയിലുള്ള ഭാഗം ഇടിഞ്ഞുവീഴാൻ തുടങ്ങിയിട്ടു വർഷങ്ങളായി. മണ്ണിടിയുന്നത് ഒഴിവാക്കാൻ ഇവിടെ സംരക്ഷണഭിത്തി കെട്ടാനും ഇരുമ്പ് കൈവരി സ്ഥാപിക്കാനും ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകൾക്കും സ്ഥലം എംഎൽഎയ്ക്കും പരാതി നൽകിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും മണ്ണിടിയുന്ന ഭാഗം അളന്നുപോകുകയും ചെയ്തെങ്കിലും പിന്നീട് ഒന്നും നടന്നില്ല.
ഇപ്പോൾ ഓരോ മഴയിലും ഇവിടെ മണ്ണ് ഇടിയുന്നത് തുടരുകയാണ്. ഈ സ്ഥിതി തുടർന്നാൽ റോഡിന്റെ ഒരുവശം അപ്പാടെ കനാലിലേക്കു വീഴുന്ന അവസ്ഥയിലാണ്. നിലവിൽ റോഡിലെ ടാർ വരുന്ന ഭാഗംവരെ മാത്രമേ ഉറപ്പുള്ളതായുള്ളൂ. ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ള പാത എന്നതിനു പുറമേ പന്ത, അമ്പൂരി, മായം എന്നിവിടങ്ങളിലേക്കുപോകാനുള്ള നൂറുകണക്കിനു വാഹനങ്ങളും കടന്നുപോകുന്നത് ഈ വഴിയാണ്. തുറന്ന ജയിൽ, ശിവാനന്ദ ആശ്രമം, സഹകരണ കോളജുകൾ, ആശുപത്രി, നെയ്യാർഡാം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലേക്കും ഇവിടം കടന്നുവേണം പോകാൻ.
കഷ്ടിച്ച് രണ്ടു വാഹനങ്ങൾ പോകാനുള്ള സൗകര്യം മാത്രമുള്ള റോഡിൽ വലിയ വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് കടന്നുപോകുന്നത്. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ എതിരേ മറ്റൊരു വാഹനം വരുമ്പോൾ അപകടസാധ്യത ഒഴിവാക്കാൻ മുന്നിൽ ഒതുക്കിയിടാറാണ് പതിവ്.