ജനങ്ങളുടെ സ്നേഹം ജീവിതോർജം നല്കുന്നു: മധു
1465567
Friday, November 1, 2024 2:38 AM IST
തിരുവനന്തപുരം: ""ആയുസ് ഇത്രയും വേണ്ടെന്നു ചില നേരത്ത് തോന്നാറുണ്ട്. എന്നാൽ അങ്ങനെയുള്ള ചിന്തകൾ വരുന്ന സമയത്താവും ജനങ്ങളുടെ അത്യധികമായ സ്നേഹവും കരുതലും അനുഭവപ്പെടുന്നത്. അപ്പോൾ ആയുസിരിക്കട്ടെ എന്ന ചിന്ത വരും.'' ... മലയാളത്തിന്റെ പ്രിയ താരം മധുവാണു സ്വതസിദ്ധമായ ശൈലിയിൽ ഇന്നലെ ഇങ്ങനെ പറഞ്ഞത്. കലാനിധി ട്രസ്റ്റിന്റെ പ്രഫ. മൂഴിക്കുളം വി. ചന്ദ്രശേഖരപിള്ള സ്മാരക നാഗധ്വനി പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണമൂലയിലെ മധുവിന്റെ വസതിയായ ശിവഭവനിൽ നടന്ന ചടങ്ങിൽ മണ്ണാറശാല ക്ഷേത്രം ട്രസ്റ്റ് ഭരണസമിതി അംഗവും മണ്ണാറശാല അമ്മ സാവിത്രി അന്തർജനത്തിന്റെ മരുമകനുമായ എൻ. രമേശ് പിരപ്പൻകോട് പുരസ്കാരം സമ്മാനിച്ചു. നിർമാതാവ് കിരീടം ഉണ്ണി, പൊന്നാട അണിയിച്ചു. പിന്നണി ഗായകൻ മണക്കാട് ഗോപൻ പ്രശസ്തിപത്രം സമർപ്പിച്ചു.
നാഗധ്വനി പുരസ്കാരം ചടങ്ങുമായി ബന്ധപ്പെട്ടു ലഭിക്കുന്ന സ്നേഹവും ഇനിയും ജീവിക്കുവാൻ പ്രോരണയാകുന്നുവെന്നും മധു പറഞ്ഞു. സമകാലീന മലയാള സിനിമയുടെ ശീർഷകമായി മധു മാറിയിട്ടുണ്ടെന്നു ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ച കവി പ്രഭാവർമ പറഞ്ഞു.
മധുവിനു സമാനമായി മലയാള സിനിമയിൽ മറ്റൊരാൾ ഇല്ല. നമ്മുടെ സിനിമാ തിരിച്ചറിവുകളുടെ അളവുകോലുകൾ കൊണ്ട് അളക്കുവാൻ കഴിയാത്ത അഭിനേതാവാണ് മധു- പ്രഭാവർമ വ്യക്തമാക്കി.
സ്കൂൾ ജീവിതകാലത്ത് തീയേറ്ററിൽ സിനിമ കാണുന്പോൾ ഏതോ അഭൗമ ലോകത്ത് വിരാജിക്കുന്ന ആളായിട്ടാണ് മധു എന്ന താരത്തെ അനുഭവപ്പെട്ടിരുന്നത്. ജീവിതത്തിൽ താരത്തെ ഇത്ര അടുത്ത് കാണുവാൻ കഴിയുമെന്ന് ഒരിക്കലും കരുതിയില്ലെന്നും പ്രഭാവർമ പറഞ്ഞു.
ചടങ്ങിൽ കലാനിധിയുടെ കർമശ്രേഷ്ഠ പുരസ്കാരം മുൻ ഡിജിപി ബി. സന്ധ്യയ്ക്കു മധു സമ്മാനിച്ചു. സാഹിത്യനിരൂപക ഡോ. സി. ഉദയകല, ഡോ. ബി. സന്ധ്യയെ പൊന്നാട അണിയിച്ചു.
കലാനിധി കുടുംബം ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായുള്ള നിവേദ്യം ഭക്ഷണ സാധനങ്ങളുടെ ഉദ്ഘാടനവും മധു നിർവഹിച്ചു.
ഗായകൻ മണക്കാട് ഗോപൻ, ഗായികമാരായ രാധിക എസ്. നായർ, ഗൗരി ഗോപൻ എന്നിവർ മധു അഭിനയിച്ച ചിത്രങ്ങളിലെ പ്രശസ്ത ഗാനങ്ങൾ ആലപിച്ചു. പ്രഫ. മൂഴിക്കുളം വി. ചന്ദ്രശേഖര പിള്ളയുടെ മകളും കലാനിധി ചെയർപേഴ്സണും മാനേജിംഗ് ട്രസ്റ്റിയുമായ ഗീത രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. കവി പ്രദീപ് തൃപരപ്പ്, മൂഴിക്കുളം വി. ചന്ദ്രശേഖരപിള്ളയുടെ മകൾ ഡോ. ജയകുമാരി കുഞ്ഞമ്മ, വിജയലക്ഷ്മി കുഞ്ഞമ്മ, വിനയൻ, ബാഹുലേയൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിനു മാധ്യമ പ്രവർത്തകർ സന്തോഷ് രാജശേഖരൻ സ്വാഗതവും ഛായാഗ്രഹകൻ മഹേഷ് ശിവാനന്ദൻ നന്ദിയും പറഞ്ഞു.