പാഴ്വസ്തുക്കളില് വിരിയുന്ന കരവിരുത്
1465077
Wednesday, October 30, 2024 6:45 AM IST
തിരുവനന്തപുരം: കേടായ കളര്‍ ടിവിയുടെ ചില്ലുമാറ്റി കമ്പി വല പിടിപ്പിച്ചാല്‍ അത് ഉഗ്രനൊരു കിളിക്കൂടാകും; സ്വീകരണ മുറിയിലെ ഒരു സിനിമാറ്റിക് കാഴ്ച..!
മത്സ്യത്തൊഴിലാളികള്‍ മീനിട്ടു വയ് ക്കുന്ന പെട്ടി ഉപയോഗ ശൂന്യമായാല്‍ അതിന്റെ ഒപ്പം തുണ്ടു പലകകളും കുഷ്യനും വിദഗ്ധമായി കൂട്ടിയിണക്കിയാല്‍ ലിവിംഗ് റൂമിലേക്ക് സെറ്റി വേറെ വേണ്ട. ടേബിള്‍ ഫാനിന്റെ ഇരുമ്പുകവചവും പിവിസി പൈപ്പുമുണ്ടെങ്കില്‍ അടുക്കളയിലേക്ക് ഒരുഗ്രൻ ട്രേ സ്റ്റാൻഡ് റെഡി...
കരവിരുതില്‍ കൗതുകമൊളിപ്പിച്ചുവെച്ച നിര്‍മിതികള്‍ ഏറെയാണ്... ഉപയോഗശൂന്യമെന്നു കരുതി എല്ലാവരും വലിച്ചെറിയുന്ന പാഴ്വസ്തുക്കളില് നിന്ന് നിത്യജീവിതത്തിലുപകാരപ്രദമാകുന്ന നിരവധി ഉല്പന്നങ്ങള് നാമമാത്രമായ ചെലവില്‍ നിര്‍മിച്ചെടുക്കുകയാണ് റവന്യൂ ജില്ലാ ശാസ്ത്രമേളയ്ക്കെത്തിയ കുരുന്നു പ്രതിഭകള്‍.
എച്ച്എസ് വിഭാഗം "പ്രൊഡക്ട് യൂസിംഗ് വേസ്റ്റ് മെറ്റീരില്‍' മത്സരത്തിലാണ് പാഴ്വസ്തുക്കള് അമ്പരപ്പിക്കുന്ന രൂപമാറ്റത്തോടെ പുനര്‍ജനിച്ചത്. ഭാവനയും കരവിരുതും സമ്മേളിച്ചാല്‍ അസാധ്യമായി ഒന്നുമില്ലെന്നാണ് മേളയ്ക്കെത്തിയ വിദ്യാര്‍ഥികള്‍ തങ്ങളുടെ കഴിവുകളുടെ പ്രദര്‍ശനത്തിലൂടെ പറഞ്ഞുവയ്ക്കുന്നത്.