വൃത്തിഹീനമായും തുരുമ്പെടുത്തും പേരൂർക്കടയിലെ വെയിറ്റിംഗ് ഷെഡ്
1465561
Friday, November 1, 2024 2:38 AM IST
പേരൂർക്കട: തീർത്തും വൃത്തിഹീനമായും തുരുമ്പെടുത്തു നശിച്ചും പേരൂർക്കടയിലെ ബസ് വെയിറ്റിംഗ് ഷെഡ്. പേരൂർക്കട ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപം വിദ്യാർഥികൾക്ക് പ്രയോജനപ്പെടുന്നതിനുവേണ്ടി ഫണ്ട് ചെലവഴിച്ചു നിർമിച്ചതാണ് ഷെഡ്.
അമ്പലമുക്കിൽനിന്നു പേരൂർക്കടയിലേക്കു പോകുന്ന ഭാഗത്ത് റോഡിന്റെ വശത്ത് സ്ഥാപിച്ചിട്ടുള്ള വെയിറ്റിംഗ് ഷെഡിലെ ഇരിപ്പിടങ്ങൾ തുരുമ്പെടുത്ത് ഒടിഞ്ഞ അവസ്ഥയിലാണ്. പരിസരമാകെ കാടുകയറി കിടക്കുന്നു. വെയിറ്റിംഗ് ഷെഡിന്റെ മേൽക്കൂര വരെ പരസ്യങ്ങൾ ഒട്ടിച്ച് വികൃതമാ ക്കിയിട്ടുമുണ്ട്. ഇരിപ്പിടങ്ങൾ ദ്രവിച്ചു തുരുമ്പെടുത്തിരിക്കുന്നതിനാൽ ഈ ഭാഗത്തുവന്നു നിൽക്കുന്നവർക്കു പോലും മുറിവേൽക്കാൻ സാധ്യതയുണ്ട്.
നിരവധി വിദ്യാർഥികൾ ബസ് കാത്തുനിൽക്കുന്ന ഭാഗമാണ് ഇത്. ആദ്യകാലത്ത് നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ട വെയിറ്റിംഗ് ഷെഡ് പിന്നീട് അധികൃതർ തിരിഞ്ഞു നോക്കാതെയായി. ഇതോടെ യാണ് വെയ്റ്റിംഗ് ഷെഡ് മഴയും വെയിലുമേറ്റു തുരുമ്പെടുത്ത് നശിച്ചു തുടങ്ങിയത്. കെഎസ്ആർടിസി-സ്വകാര്യ ബസുകൾ നിരവധി സർവീസ് നടത്തുന്ന അമ്പലമുക്ക്-പേരൂർക്കട റോഡിൽ ധാരാളം പേർക്ക് പ്രയോജനപ്പെടേണ്ടതായ ഒരു വെയ്റ്റിംഗ് ഷെഡിന്റെ അവസ്ഥയാണ് ഇത്തരത്തിൽ പരിതാപകരമായി തുടരുന്നത്. വെയ്റ്റിംഗ് ഷെഡ് അടിയന്തരമായി അറ്റകുറ്റപ്പണി ചെയ്തത് പഴയ പടിയാക്കുന്നതിന് അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണ മെന്ന ആവശ്യവും ഉയരുന്നുണ്ട്.