സി.ഐ. പ്രജീഷ് ശശിക്ക് ദേശീയ പുരസ്കാരം
1465569
Friday, November 1, 2024 2:38 AM IST
വിഴിഞ്ഞം: മനുഷ്യത്വരഹിതമായ അരുംകൊലകൾ നടത്തി നാടിനെയും നാട്ടുകാരെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയ കൊലയാളികളെ പിടികൂടി കൊലക്കയർ വാങ്ങി നൽകിയ അന്വേഷണ ഉദ്യോഗസ്ഥന് കേന്ദ്ര സർക്കാരിന്റെ ആദരം. മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷദപതക് അവാർഡ് തേടിയെത്തിയ സന്തോഷത്തിലാണ് വിഴിഞ്ഞം സ്റ്റേഷനിലെ മുൻ സി.ഐ പ്രജീഷ് ശശി.
ഔദ്യോഗിക ജീവിതത്തിൽ കാണിച്ച സത്യസന്ധതക്കും കഠിനാധ്വാനത്തിനും മികവിനും കിട്ടിയ അംഗീകാരം കൂടിയാണിത്. വൃദ്ധയെ കൊലപ്പെടുത്തി വാടകയ്ക്ക് താമസിച്ചുവന്ന വീടിന്റെ തട്ടിൻ പുറത്ത് ഒളിപ്പിച്ചശേഷം മുങ്ങിയ വീട്ടമ്മയെയും മകനെയും വീട്ടമ്മയുടെ ആൺസുഹൃത്തിനെയും സംഭവം നടത്തി മണിക്കൂറുകൾക്കുള്ളിൽ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവന്നു പരമാവധി ശിക്ഷ വാങ്ങിനൽകുന്നതിന് കാണിച്ച ആത്മാർഥതയ്ക്കാണ് അംഗീകാരം.
2022 ജനുവരി 14 നാണ് വിഴിഞ്ഞം മുല്ലൂർസ്വദേശിശാന്തകുമാരിയെന്ന എഴുപതുകാരി അരുംകൊലയ്്ക് ഇരയായത്. പകൽ നടന്ന കൊലപാതകം പുറംലോകമറിയാൻ രാത്രി എട്ടു മണി വരെ വേണ്ടി വന്നു. തലക്കടിയേറ്റു രക്തം വാർന്ന നിലയിൽ അയൽ വീട്ടിലെ തട്ടിൽ പുറത്തുകണ്ട മൃതദേഹം ശാന്തകുമാരിയുടെതെന്നറിയാൻ വീണ്ടും വൈകി. ഇതിനിടയിൽ കൊലയാളികൾ വിഴിഞ്ഞം വിട്ടിരുന്നു.
സംഭവ ദിവസം വരെ വീട്ടിൽ വാടകയ്ക്ക്താമസിച്ചിരുന്ന വിഴിഞ്ഞം ഹാർബർ സ്വദേശി റഫീക്കാ ബീബി, മകൻ ഷഫീക്, റഫീക്കയുടെ ആൺ സുഹൃത്ത് പട്ടാമ്പി സ്വദേശി അൽ അമീൻ എന്നിവരെ ചുറ്റിപ്പറ്റി പോലീസ് അന്വേഷണം ഊർജിതമാക്കി.
ശാന്തകുമാരിയുടെ കഴുത്തിലും കൈയിലും ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ കൈക്കലാക്കിയ കൊലയാളികൾ ആഭരണങ്ങളിൽ കുറച്ച് വിഴിഞ്ഞത്ത് വിറ്റ് കിട്ടിയ കാശുമായി പാലക്കാട്ടേക്ക് വണ്ടി കയറി.ഇത് മനസിലാക്കിയ പോലീസ് രാത്രിയിൽ ഇവർ സഞ്ചരിച്ച വാഹനം തന്ത്രപൂർവ്വം തടഞ്ഞ് നിർത്തി കഴക്കൂട്ടത്ത് നിന്ന് പിടികഴിവ് തെളിയിച്ചു.തെളിവെടുപ്പും മൊഴിയെടുക്കലും തെളിവ് ശേഖരണവും എല്ലാം പൂർത്തിയാക്കി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ച് പ്രതികളെ ജയിലിന് പുറത്തിറങ്ങാതെയാക്കി. 2024 മേയ് 22ന് നെയ്യാറ്റിൻകര ജില്ലാ സെക്ഷൻസ് കോടതി ഏഴ് - പ്രതികളായ മൂന്നു പേർക്കും തൂക്കു കയർ വിധിച്ചു. സാക്ഷികളുടെ അഭാവമുണ്ടായിരുന്ന സംഭവത്തിൽ കൊലയാളികൾക്ക് അർഹമായ ശിക്ഷ നൽകുന്നതിനുതകുന്ന സാഹചര്യ തെളിവുകളും ഡിജിറ്റൽ തെളിവുകളും ശേഖരിക്കുന്നതിൽ ഉദ്യോഗസ്ഥർ കൈവരിച്ച വിജയം ശിക്ഷാവിധിക്കും ബലമായി.
ഒരേ കേസിൽ അമ്മക്കും മകനും തൂക്കു കയർ കിട്ടുന്ന അപൂർവസംഭവമെന്ന പ്രത്യേകതയും മുല്ലൂർ ശാന്തകുമാരി വധക്കേസിനുണ്ടായി. ഈ കേസിന്റെ അന്വേഷണ വേളയിൽ പ്രതികൾ നടത്തിയ മറ്റൊരു അരുംകൊലയുടെ ചുരുളഴിക്കാനായതും അന്വേഷകരുടെ മികവിന് തെളിവായി.
കോവളം മുട്ടയ്ക്കാട് സ്വദേശിയായ ബാലികയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസ് വഴി തിരിച്ചു വിടാൻ റഫീക്കാ ബീബിയും ഷഫീക്കുമെല്ലാം നടത്തിയ ശ്രമം പോലീസ് പൊളിച്ചടുക്കിയതും ഒരു കുടുംബത്തിന്റെ രക്ഷക്കും വഴിയെരുക്കി. നിലവിൽ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെ സിഐ ആണ് പ്രജീഷ് ശശി.
എസ്. രാജേന്ദ്രകുമാർ