കേദാര്‍നാഥ് തീര്‍ഥാടനത്തിന് പോയയാളെ മരിച്ച നിലയിൽ
1465237
Thursday, October 31, 2024 1:06 AM IST
നെടുമങ്ങാട്: കേദാര്‍നാഥ് തീര്‍ഥാടനത്തിനു പോയയാളെ മരിച്ച നിലയിൽ കണ്ടെത്തി. ആനാട് ശക്തിപുരം നാലുമുക്ക് രാകേഷ് ഭവനില്‍ മുത്തന് പെരുമാള്‍പിള്ള (69)യെയാണ് കേദാര്‍നാഥ് തീര്‍ഥാടന കേന്ദ്രത്തിനുസമീപം മഞ്ഞുമലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞമാസം 27നാണ് ആനാട് നിന്നും 27പേരടങ്ങുന്ന സംഘം കേദാര്‍നാഥ് യാത്രയ്ക്കായി പോയത്. ഈ മാസം അഞ്ചിനാണ് മുത്തന് പെരുമാള്‍ പിള്ളയെ കാണാതായത്.
കേദാര്‍നാഥ് ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങി വരുന്ന വഴി സംഘാംഗങ്ങളില്‍നിന്നും കൂട്ടംതെറ്റി പോവുകയായിരുന്നു. ദുര്‍ഘടമായ പാതയില്‍ കാല്‍വഴുതി അഗാധമായ ഗര്‍ത്തത്തിലേയ്ക്ക് വീണാണ് മരണം സംഭവിച്ചതെന്നു സ്വര്ണപ്രയാഗ് പോലീസ് അറിയിച്ചു. ബേസ് ക്യാമ്പായ ഗൗരികുണ്ഡില്‍ ഇയാള്‍ എത്തിച്ചേരാത്തതിനെ തുടര്‍ന്നു സംഘാംഗങ്ങള്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ഉത്തരാഖണ്ഡ് എന്‍ഡിആര്‍എഫും സംയുക്ത അന്വേഷണം നടത്തി.
സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതിനെ തുടര്‍ന്നാണ് മഞ്ഞുമലയില്‍ മരിച്ചനിലയില്‍ പെരുമാള്പിള്ളയുടെ മൃതദേഹം കണ്ടെത്തിയത്. മകനും ബന്ധുക്കളുമെത്തി രുദ്രപ്രയാഗില്‍ സംസ്കാരം നടത്തി. കെഎസ്ആര്‍ടിസി നെടുമങ്ങാട് ഡിപ്പോയില്‍നിന്നും ചെക്കിംഗ് ഇന്‍സ്പെക്ടറായി വിരമിച്ച ആളാണ് മുത്തന് പെരുമാള്‍ പിള്ള. നേരത്തെ ചുള്ളിമാനൂര്‍ ചേതന പാരല്‍ കോളയിലെ അധ്യാപകനായിരുന്നു. ഭാര്യ: കുമാരിഷീല. മകന് എം.എസ്. രാകേഷ് ചെന്നൈ എയര്‍പോര്‍ട്ട് അഥോറിറ്റി ജീവനക്കാരനാണ്.