ഒരു രൂപ തിരികെ നൽകിയില്ല; ഹോട്ടൽ ഉടമയേയും ഭാര്യയേയും കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക് 15 വർഷം കഠിനതടവും അരലക്ഷം പിഴയും
1465417
Thursday, October 31, 2024 7:09 AM IST
നെടുമങ്ങാട് : ഹോട്ടലിൽ നിന്ന് ബാക്കി നൽകിയ തുകയിൽ ഒരു രൂപ കുറഞ്ഞതിന്റെ പേരിൽ ഹോട്ടൽ ഉടമയെയും ഭാര്യയെയും തിളച്ച വെള്ളമൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്ക് 15 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും.
ആനാട് സ്വദേശി അജിത്തി (30)നെയാണ് തിരുവനന്തപുരം സെഷൻസ് കോടതി ജഡ്ജി എം.പി.ഷിബു ശിക്ഷിച്ചത്. 2015 ഏപ്രിൽ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതോടെ പ്രതി അജിത്ത് നെടുമങ്ങാട് പഴകുറ്റിയിലെ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു.
ഭക്ഷണത്തിന്റെ ബാക്കി പണം നൽകുമ്പോൾ ഒരു രൂപയുടെ കുറവുണ്ടായിരുന്നു. ഇതേച്ചൊല്ലി അജിത്ത് വാക്കുതർക്കത്തിലേർപ്പെട്ടു. തുടർന്ന് ഇവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മറ്റൊരാളിൽനിന്ന് ഒരു രൂപ വാങ്ങി നൽകുകയും ചെയ്തു.
ചില്ലറയില്ലാത്തതിനാലാണ് ബാക്കി നൽകാൻ കഴിയാതിരുന്നത് എന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നതിനിടെ പ്രകോപിതനായ പ്രതി ഹോട്ടലിൽനിന്ന് തിളയ്ക്കുന്ന വെള്ളമെടുത്ത് ദമ്പതികളുടെമേൽ ഒഴിക്കുകയായിരുന്നു.
ഇവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. നെടുമങ്ങാട് സിഐ ആയിരുന്ന സ്റ്റുവർട്ട് കീലറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷന് വേണ്ടി കാട്ടായിക്കോണം ജെ.കെ.അജിത്പ്രസാദ്, വി.സി.ബിന്ദു എന്നിവർ ഹാജരായി.