യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
1460959
Monday, October 14, 2024 5:58 AM IST
കഴക്കൂട്ടം: പ്രണയം നടിച്ച് യുവതിയെ ഹോട്ടൽ മുറിയിലെത്തിച്ചു പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തി സൈറ്റുകളിൽ അപ്ലോഡ് ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. നേമം പള്ളിച്ചൽ സ്വദേശി ശ്രീകുമാർ (33) ആണ് തുമ്പ പോലീസിന്റെ പിടിയിലായത്.
ടെക്നോ പാർക്കിൽ ഐടി ജീവനക്കാരനായ ശ്രീകുമാർ സമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കുളത്തൂരിലെ ആഡംബര ഹോട്ടലിലെത്തിച്ചാണു പീഡിപ്പിച്ചത്. തുടർന്ന് പണത്തിനുവേണ്ടി യുവതിയെ നിരന്തരം ബ്ലാക്ക്മെയിൽ ചെയ്തു.
പണം കിട്ടാതെ വന്നതോടെയാണ് ട്വിറ്റർ - ടെലഗ്രാം ഉൾപ്പടെയുള്ള സമൂഹികമാധ്യമങ്ങളിലും ചില അശ്ലീല സൈറ്റുകളിലും പീഡനദൃശ്യങ്ങൾ അപ്ലോഡ് ചെയ്തത്. ഇതു തിരിച്ചറിഞ്ഞ കോഴിക്കോട് സ്വദേശിയായ യുവതി തുമ്പ പോലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് ശ്രീകുമാറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളിൽനിന്നു ദൃശ്യങ്ങളുള്ള ലാപ് ടോപ്പും മൊബൈലും പിടിച്ചെടുത്തു. ബലാത്സംഗത്തിനും ഐടി ആക്ടും അടക്കമുള്ള വകുപ്പുകളും പ്രകാരമാണ് കേസെ ടുത്തിരിക്കുന്നത്.
ലാപ്ടോപ്പും, മൊബൈലും പരിശോധിച്ചതിൽനിന്നും സമാനമായ നിരവധി യുവതികളുടെ ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. സമാനരീതിയിൽ മറ്റു സ്ത്രീകളെയും ഇയാൾ ഇരയാക്കിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.