നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ല സ്കൂള്‍ ശാസ്ത്രമേളയ്ക്ക് ഇന്ന് തുടക്കം
1459679
Tuesday, October 8, 2024 6:59 AM IST
നെയ്യാറ്റിന്‍കര: വിദ്യാഭ്യാസ ഉപജില്ലയിലെ 75 വിദ്യാലയങ്ങളില്‍ നിന്നായി 2,405 വിദ്യാര്‍ഥികള്‍ 193 ഇനങ്ങളിലായി മാറ്റുരയ്ക്കുന്ന സ്കൂള്‍ ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര, ഐടി, പ്രവൃത്തി പരിചയമേളയ്ക്ക് ഓലത്താന്നി വിക്ടറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്നു തുടക്കം കുറിക്കും.
പ്രവൃത്തി പരിചയ മേളയിലാണ് ഇനങ്ങളും മത്സരാര്ഥികളും കൂടുതല്‍. 118 ഇനങ്ങളിലായി 950 വിദ്യാര്‍ഥികള്‍ മത്സരിക്കുന്നു. സാമൂഹ്യ ശാസ്ത്രമേളയിലെ പത്ത് ഇനങ്ങളിലായി 315 പേരും ഗണിത മേളയിലെ 37 ഇനങ്ങളിലായി 505 പേരും ശാസ്ത്രമേളയിലെ 28 ഇനങ്ങളിലായി 635 പേരും മത്സരരംഗത്തുണ്ട്. മൂന്നു ദിവസങ്ങളിലും മത്സരാര്‍ഥികള്‍ക്ക് ഉച്ചയൂണ് ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
ഇന്നു രാവിലെ ഒന്പതിനു കെ. ആന്‍സലന്‍ എംഎല്‍എ മേള ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിന്‍കര നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് അധ്യക്ഷത വഹിക്കും. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, മേളയുടെ സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിക്കും.
ഗണിതശാസ്ത്രമേളയുടെ തത്സമയ മത്സരങ്ങളും സാമൂഹ്യശാസ്ത്ര, ഐടി മേളയുമാണ് ഇന്നു നടക്കുന്നത്. നാളെ പ്രവൃത്തി പരിചയ മേളയുടെ തത്സമയ മത്സരങ്ങളും ഐടി മേള, ഹൈസ്കൂള്‍ വിഭാഗം ശാസ്ത്രനാടകം എന്നിവയും പത്തിനു ശാസ്ത്രമേളയുടെ തത്സമയ മത്സരങ്ങളും സാമൂഹ്യ ശാസ്ത്രമേളയും നടക്കും.
ത്രിദിന മേളയുടെ സമാപന ദിവസമായ പത്തിനു വൈകുന്നേരം മൂന്നിനു ചേരുന്ന സമ്മേളനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഡിഇഒ ബി. ഇബ്രാഹിം അധ്യക്ഷനാകും.
എഇഒ ഷിബു പ്രേംലാല്‍ സമ്മാനദാനം നിര്‍വഹിക്കും.