ട്രാഫിക്ക് ലൈറ്റുകൾ പുനഃസ്ഥാപിച്ചില്ല; വഴുതക്കാട് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതായി പരാതി
1459087
Saturday, October 5, 2024 6:40 AM IST
പേരൂര്‍ക്കട: വഴുതക്കാട് ശ്രീമൂലം ക്ലബിനു സമീപത്തെ ട്രാഫിക് ലൈറ്റുകള്‍ പുനഃസ്ഥാപിക്കാത്തതിനാൽ പ്രദേശത്ത് ഗതാഗത കുരുക്ക് രൂക്ഷമാകുന്നതായി പരാതി. റോഡ് നവീകരണം നടത്തിന്റെ ഭാഗമായായിരുന്നു ട്രാഫിക്ക് ലൈറ്റുകൾ ഇളക്കിമാറ്റിയത്.
പ്രദേശത്ത് ട്രാഫിക്ക് പോലീസിന്റെ സേവനവും ലഭ്യമല്ലെന്ന് യാത്രക്കാർ പരാതി പറയുന്നു. പാങ്ങോട്, വെള്ളയമ്പലം, വഴുതക്കാട് എന്നീ ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ നാലു റോഡുകള്‍ ചേരുന്ന ഈ ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്.
ഇന്നലെയും പ്രദേശത്ത് ട്രാഫിക് പോലീസിന്റെ സേവനം ഉണ്ടായിരുന്നില്ല. വാഹനങ്ങള്‍ നാലുപാടും തോന്നും പടിയായിരുന്നു സഞ്ചരിച്ചിരുന്നത്. നിരവധി സ്വകാര്യ, കെഎസ്ആര്‍ടിസി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണ് ഇവിടം. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ കുരുക്കില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്.
ട്രാഫിക് പോലീസിന്റെ സേവനം കാര്യക്ഷമമാക്കുകയും ട്രാഫിക് സിഗ്നല്പോയിന്റ് പുന:സ്ഥാപിക്കുകയും ചെയ്താല്‍ മാത്രമേ വഴുതക്കാടെ വാഹനക്കുരുക്ക് ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ എന്ന് യാത്രക്കാർ പറയുന്നു.