നെയ്യാറ്റിന്‍കര നഗരസഭയുടെ മാലിന്യശേഖരമായി ഈഴക്കുളം
1459079
Saturday, October 5, 2024 6:28 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരത്തിന്റെ ഹൃദയഭാഗത്തുള്ള മാലിന്യശേഖരമായി ഈഴക്കുളം തുടരുന്നു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഗതികേടില്‍ നിന്നും ഈ ജലാശയത്തെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതായി വാര്‍ഡ് കൗണ്‍സിലര്‍ മഞ്ചത്തല സുരേഷ് ദീപികയോട് പറഞ്ഞു.
യാതൊരു വിധത്തിലും മലിനമാകാതെ ഒരു പ്രദേശത്തിന്റെയാകെ ജലസ്രോതസ്സായിരുന്ന ഈഴക്കുളമാണ് നഗരസഭയുടെ പരിപാലന കുറവ് കാരണം മാലിന്യത്താല്‍ നിറഞ്ഞ അവസ്ഥയിലേയ്ക്ക് കൂപ്പുകുത്തിയത്.
നഗരമാലിന്യം മുഴുവനും ഒഴുകി ചെന്നിറങ്ങുന്നത് നെയ്യാറ്റിന്‍കര ആലുംമൂട് വാര്‍ഡിലെ ഈഴക്കുളത്തിലാണ്. കൊതുകുകളുടെയും മറ്റു കീടങ്ങളുടെയും സങ്കേതമായും പരിസരവാസികള്‍ക്കെല്ലാം ദുരിതസാമീപ്യമായും മാറിയിട്ടും നിരവധി പരാതികളും നിവേദനങ്ങളും ഇതുസംബന്ധിച്ച് നഗരസഭയ്ക്ക് നല്‍കിയിട്ടും ഉചിതമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറായില്ല.
വര്‍ഷംതോറം നഗരസഭയില്‍ അവതരിപ്പിക്കപ്പെടാറുള്ള ബജറ്റില്‍ ഈഴക്കുളം നവീകരണം ഇടം നേടിയെങ്കിലും ക്രമേണ കേവലം വാഗ്ദാനമായി എന്നതാണ് വാസ്തവം.
വ്യക്തമായ ആസൂത്രണത്തോടെ മാത്രമേ ഈഴക്കുളം ശുചീകരണവും നവീകരണവുമൊക്കെ സാധ്യമാകുകയുള്ളൂ എന്ന് സമീപവാസികളും ചൂണ്ടിക്കാട്ടുന്നു.
തൊട്ടടുത്തെ വയലേലകളില്‍ കൃഷിക്ക് വരെ ഉപയോഗയോഗ്യമായിരുന്ന ജലാശയമാണ് നഗരസഭ അധികൃതരുടെ അനാസ്ഥയില്‍ തീര്‍ത്തും ഉപയോഗശ്യനമായത്. കാലാവധി കഴിയാത്ത മരുന്നുകള്‍ ഈഴക്കുളത്തിലേയ്ക്ക് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പായലും കാട്ടുചെടികളും പടര്‍ന്ന് പിടിച്ച കുളത്തില്‍ മദ്യക്കുപ്പികളും പ്ലാസ്റ്റിക് മാലിന്യങ്ങളുമൊക്കെ കാണാം. ഈ മാലിന്യസാന്നിധ്യത്താല് കുളത്തിലെ വെള്ളത്തിന്റെ സ്വാഭാവിക നിറത്തിന് പോലും മാറ്റം വന്നിട്ടുണ്ട്.
ഈഴക്കുളം നവീകരണം ഒരു വെല്ലുവിളിയായി തന്നെ ഏറ്റെടുത്തിരിക്കുകയാണെന്ന് നഗരസഭ ആലുംമൂട് വാര്‍ഡ് കൗണ്‍സിലര്‍ മഞ്ചത്തല സുരേഷ് പറഞ്ഞു. കാലങ്ങളായി തദ്ദേശവാസികള്‍ നേരിടുന്ന മാലിന്യപൂരിതമായ അവസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ ശ്രമിച്ചതിന്റെ ഫലമാണ് കേന്ദ്രസര്‍ക്കാരിന്റെ ഒന്നരക്കോടിയോളം രൂപയുടെ ഫണ്ട് അനുവദിച്ച് കിട്ടിയത്. മഴയുടെ പ്രതികൂല സാഹചര്യത്തിന് മാറ്റമുണ്ടായാലുടന് നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.