അഞ്ചുവയസുകാരി സെപ്ടിക് ടാങ്കിൽ വീണു; അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
1454683
Friday, September 20, 2024 6:37 AM IST
കാട്ടാക്കട: വീടിനു സമീപം കളിക്കുകയായിരുന്ന അഞ്ചുവയസുകാരി സെപ്ടിക് ടാങ്കിൽ വീണു. കുട്ടിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. മാറനല്ലൂർ അരുമാളൂരിലാണ് സംഭവം.
മാറനല്ലൂർ തൂങ്ങാംപാറ അരുമാളൂർ ഗാർഡൻസിൽ അയണിവിള പുത്തൻവീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നൗഫിയ-ഷിജുലാൽ ദമ്പതികളുടെ മകൾ സിയ (അ ഞ്ച്) ആണ് വീടിനു സമീപം കളിക്കുന്നതിനിടെ നിർമാണത്തിലിരിക്കുന്ന സെപ്ടിക് ടാങ്കിൽ വീണത്. ഇന്നലെ വൈകുന്നരം നാലരയോടെയായിരുന്നു സംഭവം.
കാട്ടാക്കടയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന കുട്ടിയെ അതിവേഗത്തിൽ രക്ഷപ്പെടുത്തി. നേമം പോലിസ് സ്റ്റേഷനിലെ അർഷാദാണ് കുട്ടി സെപ്ടിക് ടാങ്കിൽ വീഴുന്നത് കണ്ട് അഗ്നിരക്ഷാസേനയേയും മറ്റും വിവരമറിയിച്ചത്. തുടർന്ന് സേനയെത്തു കയും രക്ഷാപ്രവർത്തനം നടത്തുകയു മായിരുന്നു.
ഏകദേശം 25 അടി താഴ്ച്ചയും രണ്ടടി വെള്ളവും ഉണ്ടായിരുന്ന സെപ്റ്റിക് ടാങ്കിനു മുകളിൽ എട്ടടി വിസ്താരത്തിൽ കോൺക്രീറ്റ് സ്ലാബ് കൊണ്ടു മൂടിയിരുന്നു. ഇതിന്റെ മധ്യഭാഗത്ത് ഒരാൾക്ക് ഇറങ്ങാൻ പോലും സാധിക്കാത്ത രീതിയിൽ മാൻഹോൾ ഇട്ടിട്ടുണ്ടായിരുന്നു. ഇതിലൂടെയാണ് കുട്ടി ഊർന്നു താഴേയ്ക്കുവീണത്.
കുട്ടിയ്ക്ക് ശ്വാസതടസം ഉള്ളതായി തോന്നിയതിനെ തുടർന്നു പെട്ടന്നുതന്നെ ബി എ സെറ്റ് തുറന്നുവിട്ടശേഷം കയർ കെട്ടി ടാങ്കിനുള്ളിലേക്കിറക്കി ശ്വാസതടസം നീക്കിയശേഷം ഒരാൾക്ക് ഇറങ്ങാൻ പാകത്തിൽ ചുറ്റിക കൊണ്ടടിച്ച് മാൻഹോൾ വലുതാക്കിയശേഷം ഫയർമാൻ വിജിൻ മാൻഹോളിലൂടെ ടാങ്കിലേക്ക് ഇറങ്ങി. കുട്ടിയെ രക്ഷപ്പെടുത്തിയ ശേഷം ഇരുവരേയും മറ്റ് അംഗങ്ങൾ പുറത്തെത്തിച്ചു.
സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയ്ക്ക് കാലിൽ ചെറിയ മുറിവുണ്ട്. സ്ലാബിനു പുറത്തുകളിച്ചുകൊണ്ടിരുന്ന കുട്ടി യാദൃച്ഛികമായി ഗ്ലാസിൽ ചവിട്ടിയപ്പോൾ ഗ്ലാസ് പൊട്ടി സെപ്റ്റിക് ടാങ്കിൽ വീഴുകയായിരുന്നു. ഗ്ലാസ് കഷ്ണം പോറിയാണ് കുട്ടിയുടെ കാലിനു പരിക്കേറ്റത്. സ്റ്റേഷൻ ഓഫീസ് വൈ. ജൂട്ടസ് രക്ഷപ്രവർത്തനത്തിനു നേതൃത്വം നൽകി.
സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ക്ലമന്റ്, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ രതീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ വിനു, ഇന്ദ്രകാന്ത്, അനു, ആനന്ദ്, സുമേഷ് എന്നിവരും രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.