അർധരാത്രിയിൽ രക്ഷാപ്രവർത്തനം; നാല് ജീവനുകൾക്ക് രക്ഷയായി
1454424
Thursday, September 19, 2024 6:40 AM IST
വിഴിഞ്ഞം : അർധരാത്രിയിൽ അധികൃതരുടെ രക്ഷാപ്രവർത്തനം, എൻജിൻ തകരാറിലായി കടലിലൂടെ ഒഴുകി നടന്ന വള്ളത്തിലെ നാല് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. വിഴിഞ്ഞം സ്വദേശി അഷ്റഫിന്റെ വള്ളത്തിൽ മീൻപിടിക്കാൻ പുറപ്പെട്ട വിഴിഞ്ഞം സ്വദേശികളായ ഹുസൈൻ (65), അബ്ദുള്ള (63), അബു സലിം (40), അഷ്റഫ് (60) എന്നിവരെയാണ് തീര-ദേശ പോലീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി രക്ഷപ്പെടുത്തിയത്.
എൻജിൻ തകരാറിലായ വള്ളം ഒഴുക്കിൽപ്പെട്ട വിവരം ഇന്നലെ രാത്രി ഒന്നരയോടെയാണ് അധികൃതർ അറിയുന്നത്. ഉടൻ തന്നെ മറൈൻ ആംബുലൻസിൽ മറൈൻ സിപിഒ റിജു, ലൈഫ് ഗാർഡുമാരായ ബെനാൻ ഷ്യസ്, ജോണി, തീരദേശ പോലീസ് സിപിഒമാരായ വിപിൻ രാജ്, രഞ്ജിത്, രതീഷ്, വാർഡൻമാരായ വാഹിത് സുമിത് എന്നിവർ രക്ഷാപ്രവർത്തനത്തിനിറങ്ങി.
രണ്ടു മണിക്കൂർനീണ്ട തെരച്ചിലിനൊടുവിലാണ് തമിഴ്നാട് ഭാഗത്തേക്കു നിയന്ത്രണമില്ലാതെ ഒഴുകുകയായിരുന്ന വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയത്. തുടർന്ന് അധികൃതരുടെ കഠിനശ്രമഫലമായി വള്ളത്തെയും തൊഴിലാളികളെയും രാവിലെ ഏഴോടെ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ചു.