മാനവീയം വീഥിയിൽ പുലികളിറങ്ങി; നിശാഗന്ധിയിൽ സംഗീത വിരുന്നും
1453307
Saturday, September 14, 2024 6:21 AM IST
തിരുവനന്തപുരം : വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഓണാഘോഷപരിപാടികൾ മാറ്റിവച്ചെങ്കിലും തലസ്ഥാനം ഇന്നലെ വൈകുന്നേരം ഓണലഹരിയിലായി. മാനവീയം വീഥിയിൽ പുലികളിറങ്ങി കളി തുടങ്ങിയതോടെ നഗരം ഉത്സവലഹരിയിലായി.
വൈകുന്നേരം നിശാഗന്ധിയിൽ ഉൗരാളി ബാന്റഡിന്റെ സംഗീത വിരുന്നും ഉണ്ടായിരുന്നു. ഏഷ്യാനെറ്റാണു ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. മാനവീയം വീഥിയിൽ പുലികളി കാണാൻ ധാരാളം പേരെത്തി. പത്തു ദിവസവും പ്രത്യേക സ്റ്റേജിൽ വിവിധ മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആഘോഷങ്ങളുണ്ടാകും.
മുൻനിര താരങ്ങളും ഗായക സംഘവും അണിനിരക്കും. ഇന്നു കെ.എസ.് ചിത്ര മുഖ്യാതിഥിയായി എത്തും. നാളെ ഗായകൻ എം.ജി ശ്രീകുമാർ നയിക്കുന്ന ചിങ്ങനിലാവ് എന്ന പരിപാടി അരങ്ങേറും. കനകക്കുന്നിലെ വിവിധ സ്ഥലങ്ങളിൽ നാടൻ കലാവിരുന്നുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പെറ്റ് ഷോ, മാജിക് ഷോ, മിമിക്രി മൈം തുടങ്ങിയ പരിപാടികളും അരങ്ങേറും.