നേമത്ത് ഗതാഗതക്കുരുക്ക് രൂക്ഷം
1453026
Friday, September 13, 2024 6:09 AM IST
നേമം: ഓണം എത്തിയതോടുകൂടി നേമം ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷം. മിക്ക ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപെടുന്നത് പതിവായിരിക്കുകയാണ്. പലയിടത്തും സിഗ്നൽ ലൈറ്റുകൾ പ്രവർത്തിക്കാത്തതും ട്രാഫിക് പോലീസ ഇല്ലാത്തതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
ദേശീയപാതയിൽ നിരവധി കല്യാണമണ്ഡപങ്ങളുള്ളതിനാൽ ഇവിടേയ്ക്കെത്തുന്ന വാഹനങ്ങൾ ദേശീയപാതയിൽ പാർക്ക് ചെയ്യുന്നതും പലപ്പോഴും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. ഇതുമൂലം സ്കൂൾ കോളജ് വിദ്യാർഥികൾക്കും ഓഫീസ് ജീവനക്കാർക്കും കൃത്യസമയത്ത് എത്തുവാൻ കഴിയുന്നില്ല.
കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള ഇടത്തു മിക്ക ദിവസങ്ങളിലും ഗതാഗക്കുരുക്ക് പതിവാണ്. പാതയിൽ തോന്നുന്നത് പോലെ കെഎസ്ആർടിസി ബസുകളും തമിഴ്നാട് ബസുകളും നിറുത്തി യാത്രക്കാരെ കയറ്റുന്നതും ഗതാഗതക്കുരുക്കിലേക്ക് നയിക്കുന്നുണ്ട്.
പാതയോരത്ത് അനധികൃത പാർക്കിംഗും റോഡ് കൈയേറി കച്ചവടവും നടക്കുന്നതായി ആക്ഷേപമുണ്ട്. പല ജംഗ്ഷനുകളിലും ട്രാഫിക് പോലിസ് എത്താത്തതിനാൽ കാൽ നടയാത്രക്കാർക്കു റോഡുമുറിച്ച് കടക്കുന്നതിന് കഴിയുന്നില്ല.
ഓണമെത്തിയതോടെ റോഡിൽ യാത്രക്കാരുടെയും വാഹനങ്ങളുടെയും എണ്ണവും വർധിച്ചിരിക്കുകയാണ്. ഗതാഗതക്കുരുക്കു നിയന്ത്രിക്കുന്നതിന് ട്രാഫിക്ക് പോലീസ് വേണ്ടത്ര നടപടികൾ സ്വീകരിക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.