സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല പൊട്ടിക്കാൻശ്രമം : യുവാവിനെ പെട്രോളൊഴിച്ചു തീകൊളുത്താനൊരുങ്ങി മോഷ്ടാവ്
1452500
Wednesday, September 11, 2024 6:27 AM IST
നെടുമങ്ങാട്: സ്കൂട്ടറിൽ വന്നു വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു കടന്നയാളെ ബൈക്കിൽ പിന്തുടർന്നു പിടിക്കാൻ ശ്രമിച്ച യുവാവിനു നേരെ മോഷ്ടാവ് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചശേഷം ബൈക്ക് ഉപേക്ഷിച്ചു കടന്നു. നെടുമങ്ങാട് കൊല്ലംകാവ് ദേവി ഭവനിൽ സന്തോഷിന്റെ ഭാര്യ സുനിതയുടെ മാല പൊട്ടിക്കാനാണ് ശ്രമം നടന്നത്.
ആനാട് എസ്എൻവി സ് കൂളിലെ ആറാം ക്ലാസ് വിദ്യാർത്തിയായ മകനെ പരീക്ഷ കഴിഞ്ഞു സ്കൂട്ടറിൽ വിളിച്ചു കൊണ്ടുവരികയായിരുന്നു സിനി. ഇവരെ ബൈക്കിൽ പിന്തുടർന്നു വന്നയാൾ പുത്തൻപാലം പനയഞ്ചേരിയിൽ വച്ചാണ് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.
കഴുത്തിൽനിന്നും മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ സ് കൂട്ടർ നിയന്ത്രണംവിട്ടു മറിഞ്ഞു. ഇതോടെ സുനിതയും മകനും റോഡിൽ വീണു. ഇതുകണ്ട് ശ്രമം ഉപേക്ഷിച്ചു കടന്ന മോഷ്ടാവിന്റെ ബൈക്കിനെ പിന്നീടെത്തി യ മറ്റൊരു ബൈക്ക് യാത്രികൻ പിന്തുടർന്നു. സ്കൂളിനു സമീപം താമസിക്കുന്ന കോട്ടയം സ്വദേശി ബന്നറ്റാണ് മോഷ്ടാവിനെ പിന്തുടർന്നത്.
ഒടുവിൽ ബന്നറ്റ് മോഷ്ടാവിനെ പിടികൂടി. ഇതിനിടയിൽ മോഷ്ടാവ് കൈയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ബന്നറ്റിന്റെ ശരീരത്തിൽ ഒഴിച്ചു തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു. ബഹളംകേട്ടു നാട്ടുകാർ ഓടിക്കൂടുന്നതിനിടയിൽ മാല പൊട്ടിക്കാൻ ശ്രമിച്ചയാൾ ബൈക്ക് ഉപേക്ഷിച്ച് തൊട്ടടുത്തുള്ള കിള്ളിയാറിൽ ചാടിരക്ഷപ്പെട്ടു.
തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് മോഷ്ടാവ് എത്തിയത്. ബൈക്ക് നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു അന്വേഷണം ആരംഭിച്ചു.