പൂവിളിയുടെ പുലരിയിൽ അമ്മത്തൊട്ടിലിൽ ശ്രാവണ്‍
1451400
Saturday, September 7, 2024 6:35 AM IST
തിരുവനന്തപുരം: പതിവു തെറ്റിക്കാതെ ഓണനാളുകൾ ആരംഭിക്കെ സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പൂവിളി പങ്കിടാൻ അമ്മത്തൊട്ടിലിന്റെ സാന്ത്വനത്തിലേക്ക് ഒരു നവാഗതൻ കൂടി. കഴിഞ്ഞ ബുധനാഴ്ച രാത്രി 11.54 നാണ് ആറു ദിവസം പ്രായം തോന്നിക്കുന്ന ആണ്‍കുഞ്ഞുകൂടി സർക്കാരിന്റെ പരിചരണയ്ക്കായി എത്തിയത്.
ഒരുമയുടെയും സന്പൽസമൃദ്ധിയുടെയും നാളുകളിലേക്കുപുതിയ അതിഥിയെ വരവേറ്റുകൊണ്ട് ശ്രാവണ്‍ എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ ഗോപി അറിയിച്ചു.
തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 607-ാമത്തെ കുട്ടിയാണ് പോറ്റമ്മമാരുടെ സംരക്ഷണായ്ക്കായി അമ്മത്തൊട്ടിലിൽ എത്തിയത്. അതി ഥിയുടെ വരവ് അറിയിച്ചുകൊണ്ടു ദത്തെടുക്കൽ കേന്ദ്രത്തിൽ ബീപ് സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്നു ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുട്ടിയെ വിദഗ്ധ ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു പരിശോധനകൾ നടത്തി.
പൂർണആരോഗ്യവാനായ കുട്ടി സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്. ഈ വർഷം തിരുവനന്തപുരം അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 13-ാമത്തെ കുട്ടിയാണ് നവാഗതൻ.
കുട്ടിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുണ്‍ഗോപി അറിയിച്ചു.