അപകടങ്ങൾ തുടർക്കഥ: കോഴിവിള-ചെറുവാരക്കോണം റോഡില്‍ തെങ്ങ് നട്ട് പ്രതിഷേധിച്ചു
1450821
Thursday, September 5, 2024 6:32 AM IST
പാറശാല: കോഴിവിള-ചെറുവാരക്കോണം റോഡ് തകര്‍ന്നു തരിപ്പണമായി പ്രദേശവാസികള്‍ക്കും യാത്രികര്‍ക്കും ശാപമായി മാറുന്നു. കഴിഞ്ഞദിവസം ഓട്ടോ മറിഞ്ഞ് യാത്രകര്‍ക്കു പരിക്കേറ്റതാണ് അവസാനത്തെ സംഭവം.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ആനപ്പാറ ആറടിക്കര വീട്ടില്‍ ജയരാജും ഭാര്യ സുലോജനയും അടങ്ങുന്ന കുടുംബം കുഴിയില്‍ വീണു ഗുരുതരമായി പരിക്കേറ്റത് ഇന്നലെയാണ്. ഇരു വരും ആശുപത്രിയിൽ ചികിത്സയിലാണ്.
പാറശാലയിലെ പ്രധാന റോഡുകളില്‍ ഒന്നായ ചെറുവാരക്കോണം-കോഴിവിള റോഡ് തകര്‍ന്നു ഭീമമായ ഗര്‍ത്തം രൂപപ്പെട്ടിട്ട് നാളുകള്‍ ഏറെയായി. കുഴികളിൽ മഴവെള്ളം കെട്ടിനില്‍ക്കുന്നതാണ് അപകട പരമ്പരകള്‍ സൃഷ്ടിക്കുന്നത്. പലപ്പോഴും കുഴിയുടെ ആഴമറിയാതെയാണ് യാത്രക്കാര്‍ അപകടത്തിൽപെടുന്നത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന പദ്ധതികളൊ ന്നും ലക്ഷ്യം കാണാത്തതാണ് റോഡിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ഇന്നലെ പ്രതിഷേധ സൂചകമായി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അയ്ങ്കാമം സതീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ പരിപാടി കെപിസിസി സെക്രട്ടറി ഡോ. ആര്. വത്സലന്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍, പരശുവയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് കൊറ്റാമം ലിജിത്ത്, അഡ്വ. അനൂബ്, ബാലരാജ,് ശാലിനി, അഭിലാഷ്, റോയ് തുടങ്ങിയവര്‍ പ്രതിഷേധ ധര്‍ണയില്‍ പങ്കെടുത്ത് സംസാരിച്ചു.
പ്രതിഷേധ പ്രവര്‍ത്തകരുടെ എണ്ണം പരിധിയിലധികം വര്‍ധിച്ചതോടെ അതുവഴിയുള്ള വാഹന ഗതാഗതം ഏറെ സമയം തടസപ്പെട്ടു. റോഡിലെ കുഴിയില്‍ വീണ് അപകടത്തില്‍പെടുന്നവരും അവരുടെ ബന്ധുമിത്രാദികളും നാട്ടുകാരുമാണ് പ്രതിഷേധത്തിന് പിന്തുണയായി രംഗത്തെത്തിയത്.
അടിയന്തരമായി തകര്‍ന്ന റോഡിനെ പുനര്‍ നിര്‍മിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കോണ്‍ഗ്രസ്.