പോത്തൻകോട്: സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ സമാപനവും ഇടവക തിരുന്നാളും ആഘോഷിച്ചു. ജൂൺ 23നു കൊടിയേറി ആരംഭിച്ച് വിവിധ റീത്തുകളുടെ വിശുദ്ധ കുർബാന ഭക്തസംഘടനകളുടെ വാർഷികം തിരുനാൾ റാസ, ദിവ്യകാരുണ്യ ആരാധന, വചന സന്ദേശം എന്നിവയോടെ യാണ് നടത്തിയത്.
ഇന്നലെ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാത്തോലിക്ക ബാവയുടെ നേതൃത്വത്തിൽ പൊന്തിഫിക്കൽ വിശുദ്ധ കുർബാനയും ജൂബിലി സമാപന ചടങ്ങും നടത്തി. സമാപന ചടങ്ങിൽ മലങ്കര കാത്തലിക് അസോസിയേഷൻ പോത്തൻകോട് യൂണിറ്റ് ഭവന നിർമാണ പുനരുദ്ധാരണ പദ്ധതിക്കുവേണ്ടി സമാഹരിച്ച തുക മൂന്നു കുടുംബങ്ങൾക്ക് കൈമാറി.
2023 ഏപ്രിൽ 22ന് ആരംഭിച്ച പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി കിറ്റ്, വൃക്ഷത്തെ വിതരണം, ബൈബിൾ കൺവൻഷൻ, ജീസസ് യൂത്തിന്റെ പ്രോഗ്രാം, ദിവ്യകാരുണ്യ ആരാധന, വാഹന വെഞ്ചരിപ്പ്, ലഹരി വിരുദ്ധ ക്ലാസ്, ഇടവക ദിനം, മെഡിക്കൽ ക്യാമ്പ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
1949 ഏപ്രിൽ 24നു ധന്യൻ മാർ ഈവാനിയോസാണ് പോത്തൻകോട് സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയം സ്ഥാപിച്ചത്.
ജൂബിലി സമാപന ചടങ്ങിൽ ജില്ലാ വികാരി ഫാ. ജോസഫ് വെൺമാനത്ത്, ഇടവക വികാരി ഫാ. ജോൺസൺ കൊച്ചുതുണ്ടിൽ, ഇടവക നിവാസികളായ ഫാ. തോമസ് ക്രിസ്തു മന്ദിരം, ഫാ. ജോസഫ് പുളിമൂട്ടിൽ, ഇടവക ട്രസ്റ്റി ഷിജു ജോൺസൺ, ഇടവക സെക്രട്ടറി ഷാജു ജോർജ് എന്നിവർ പ്രസംഗിച്ചു.