ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി
1425244
Monday, May 27, 2024 1:37 AM IST
വലിയതുറ: കൊച്ചുവേളി ശംഭുവെട്ടത്ത് പകല്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതായി പരാതി. കഴുത്തിനും കൈകളിലും സാരമായി പരിക്കേറ്റ കൊച്ചുവേളി സ്വദേശിനി സോണിയ (24) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.10 ഓടെ കൊച്ചുവേളി ശംഭുവെട്ടത്തായിരുന്നു സംഭവം നടന്നത്. കാറില്‍ സുഹൃത്തിനൊപ്പം എത്തിയ സോണിയയുടെ ഭര്‍ത്താവായ അനീഷ് (27) നടുറോഡില്‍ യുവതിയെ തടഞ്ഞു നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സോണിയ ഭര്‍ത്താവ് അനീഷുമായി പിണങ്ങി കഴിഞ്ഞുവരികയായിരുന്നു.
സംഭവ ദിവസം കഴക്കൂട്ടത്തുളള ഹോസ്റ്റലില്‍ താമസിക്കുന്ന സോണിയ കൂട്ടുകാരിയെ കാണാനായി കൊച്ചുവേളിയിലെത്തുകയായിരുന്നു. കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് പോകുന്ന വഴി വിവരമറിഞ്ഞ് എത്തിയ അനീഷ് റോഡില്‍ സോണിയായുമായി സംസാരിക്കുകയും തുടര്‍ന്ന് വാക്കുതര്‍ക്കത്തിലെത്തുകയും കൈയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് സോണിയായുടെ കഴുത്തിലും കൈകളിലും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
സോണിയായുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴെയ്ക്കും അനീഷ് സുഹൃത്തിനൊപ്പം കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ സോണിയായെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ വലിയതുറ പോലീസ് അനീഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.