കാപ്പ നിയമപ്രകാരം യുവാവ് അറസ്റ്റിൽ
1424848
Saturday, May 25, 2024 6:55 AM IST
കാട്ടാക്കട : കാപ്പ നിയമപ്രകാരം യുവാവ് അറസ്റ്റിൽ. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസിൽ പ്രതിയുമായ മലയിൻകീഴ് മഞ്ചാടി മൂഴിനട സ്വദേശി ധനുഷ് വീട്ടിൽ ധനുഷ് എന്നുവിളിക്കുന്ന വിന്ധ്യൻ(38) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയായതോടെ റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ ഇയാൾക്കെതിരെ തിരുവനന്തപുരം ജില്ലാ കളക്ടർ ജറോമിക് ജോർജിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
2006 മുതൽ ഇയാൾ തിരുവനന്തപുരം സിറ്റി, റൂറൽ മേഘലകളിലെ പോലീസ് സ്റ്റേഷനുകളിൽ അടിപിടി, സ്ത്രീകളെ ഉപദ്രവിക്കൽ, മോഷണം, പിടിച്ചുപറി, ഭീഷണിപ്പെടുത്തൽ, ആയുധം ഉപയോഗിച്ചുള്ള ആക്രമങ്ങൾ, ബലാത്സംഗം മുതലായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയും നിരവധി തവണ ജയിൽവാസം അനുഭവിക്കുകയും ചെയ്തയാളാണ്.
അതിനുശേഷവും കൂടുതൽ അക്രമണോത്സുകതയോടെ വീണ്ടും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വന്നിരുന്ന പ്രതി മലയിൻകീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെയും അമ്മയെയും ആക്രമിച്ച് പരിക്കേൽപ്പിച്ച അടിപിടി കേസിലും, വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ മോഷണക്കേസിലും പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുണ്ട്.
കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിന്റെ നിർദേശപ്രകാരം കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ സെൻട്രൽ ജയിലിലേക്ക് മാറ്റി.