മാസങ്ങൾ നീണ്ട സമരം ഫലം കണ്ടില്ല: പ്രതീക്ഷകളറ്റ് സിപിഒ ഉദ്യോഗാർഥികൾ
1416198
Saturday, April 13, 2024 6:23 AM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ മാസങ്ങളോളം സമരം നടത്തിയിട്ടും ഫലം കാണാതെ പ്രതീക്ഷകളറ്റ് സിപിഒ ഉദ്യോഗാർഥികൾ. 2023-ൽ വന്ന കേരള സിവിൽ പോലീസ് ഓഫീസേഴ്സ് (സിപിഒ) റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. ഇനി എന്ത്..? എന്നുള്ള ചോദ്യത്തിനു മുന്നിൽ നിസഹായരായി നിൽക്കുന്നത് 1000 ലധികം ഉദ്യോഗാർഥികളാണ്.
എഴുത്തു പരീക്ഷയും, കായിക പരീക്ഷയും അഭിമുഖവും കഴിഞ്ഞ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളോട് അധികാരികൾ പുലർത്തിയതു കടുത്ത അനീതിയാണ്. നിയമന വിഷയവുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾ ചെന്നെത്താത്ത പടിവാതിലുകളില്ല. ഒഴിവുകൾ ഇല്ലെന്ന സ്ഥിരം പല്ലവിയാണ് ഉദ്യോഗാർഥികൾക്ക് എല്ലായിടത്തു നിന്നും മുറുപടിയായി ലഭിച്ചത്.
ഇതോടെ ഉദ്യോഗാർഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കുകയായിരുന്നു. തലമുണ്ഡനം ചെയ് തും മണ്ണും, പുല്ലും തിന്നും ഉദ്യോഗാർഥികൾ അവകാശത്തിനു വേണ്ടി സമരം നടത്തി.
നിയമന വിഷയവുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികൾക്ക് ഒരു തവണ മാത്രമാണ് അധികാരികളുമായി ചർച്ച നടത്താൻ സാധിച്ചത്. എന്നാൽ ഈ ചർച്ച എങ്ങുമെത്താതെ അവസാനിച്ചു. പിന്നീടിതുവരെ ഒരു ചർച്ചകൾക്കും സർക്കാർ തയാറായിട്ടില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. പലർക്കും പ്രായപരിധി കഴിഞ്ഞതിനാൽ ഇനി വീണ്ടും പരീക്ഷയെഴുതാൻ കഴിയാത്ത സാഹചര്യമാണ്.
ഏഴു ബറ്റാലിയനായി 13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിലെ 4,436 പേർക്കുമാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നൽകണമെന്നും സമരം ഓണ്‍ലൈൻ കാന്പയിൻ വഴി തുടരുമെന്നും ഉദ്യോഗാർഥികൾ അറിച്ചു.