ആറ്റുകാൽ പൊങ്കാല: ഇനി മൂന്നുനാൾ ബാക്കി
1394718
Thursday, February 22, 2024 5:46 AM IST
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് മൂന്നുനാൾകൂടി ബാക്കി നിൽക്കെ തലസ്ഥാനത്തേക്ക് ഭക്തജനപ്രവാഹം. മഹോത്സവത്തിന്റെ അഞ്ചാം ദിവസമായിരുന്ന ഇന്നലെ ആയിരക്കണക്കിനു ഭക്തർ ദർശനത്തിനെത്തി.
എല്ലാ ദിവസവും നട തുറക്കുന്ന സമയത്ത് ഭക്തരെ നിയന്ത്രിക്കാൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ കമ്മിറ്റിയെ രൂപീകരിച്ചു. അംബ, അംബിക, അംബാലിക തുടങ്ങിയ വേദികളിൽ അരങ്ങേറുന്ന കലാപരിപാടികൾ കാണാനും ആയിരങ്ങളാണ് എത്തുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ തിരക്ക് വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ട്രസ്റ്റ് ഭാരവാഹികളുടെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കനത്ത സുരക്ഷയൊരുക്കാനാണ് പോലീസിന്റെ തീരുമാനം.
ദൂരദേശത്തുനിന്നും ഭക്തർ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലായി പൊങ്കാല കലങ്ങൾ വിൽപ്പനയ്ക്ക് നിരന്നു കഴിഞ്ഞു. അടുപ്പുകൂട്ടാനുള്ള കട്ടകൾ നിരത്തി സ്ത്രീകൾ പൊങ്കാലയിടാനുള്ള ഇടങ്ങൾ പിടിച്ചു തുടങ്ങി. പലയിടത്തും ഭഗവതിയുടെ ചിത്രം അലങ്കരിച്ച് പൂജിക്കുന്ന മണ്ഡപങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
സന്ധ്യയ്ക്ക് ദീപാലങ്കാരങ്ങൾ തെളിയുന്നതോടെ ക്ഷേത്ര പരിസരം ഭക്തിസാന്ദ്രമാകും. പൊങ്കാല ദിവസം അടുത്തതോടെ നഗരത്തിൽ ഗതാഗതകുരുക്കും അനുഭവപ്പെട്ടു തുടങ്ങി. കഴിഞ്ഞ ദിവസം തന്പാനൂർ കിഴക്കേക്കോട്ട എന്നിവടങ്ങളിൽ നേരിയ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. തലസ്ഥാനത്തെ ബസുകളിൽ ഭക്തരുടെ തിരക്ക് വർധിച്ചു.
ഭക്തർക്കുവേണ്ടി പുതിയ ട്രിപ്പ് ആരംഭിച്ച ആറ്റുകാൽ ഗുരുവായൂർ കെഎസ്ആർട്ടിസിയിലും ഭക്തരുടെ തിരക്കാണ്. നാരങ്ങാവിളക്ക് തെളിയിക്കാനും തിരക്കേറുകയാണ്. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് വിളക്ക് നേർച്ചയ്ക്ക് ഉത്തമമെങ്കിലും നിലവിലെ സാഹചര്യത്തിൽ തിരക്കുണ്ട്. വിശ്വാസികൾ നേരിട്ട് നാരങ്ങാവിളക്കു സമർപ്പിക്കുപ്പോൾ ഹോമത്തിന്റെ ഫലം ലഭിക്കുമെന്നാണ് വിശ്വാസം. അഞ്ച് ഏഴ്, ഒമ്പത് എന്നീ ക്രമത്തിലാണ് നാരങ്ങ വിളക്കുകൾ കത്തിക്കുന്നത്.