ആറ്റുകാൽ പൊങ്കാല: തിരക്കേറി; കുത്തിയോട്ടവ്രതത്തിന് തുടക്കം
1394089
Tuesday, February 20, 2024 4:01 AM IST
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ പ്രധാന ചടങ്ങുകളിൽ ഒന്നായ കുത്തിയോട്ട വ്രതത്തിന് തുടക്കമായി.
വ്രതാരംഭ ചടങ്ങുകൾക്ക് തുടക്കം കുറിച്ച ഇന്നലെ ആയിരക്കണക്കിനു ഭക്തർ ക്ഷേത്ര സന്നിധിയിലേക്ക് ഒഴുകിയെത്തി. ആറ്റുകാൽ ഭഗവതിക്കു സമർപ്പിക്കുന്ന പ്രധാന നേർച്ചയായ കുത്തിയോട്ടത്തിന് ഇത്തവണ 606 ബാലൻമാരാണ് വ്രതം ആരംഭിച്ചത്. കാപ്പുകെട്ടി മൂന്നാം ഉത്സവദിനം മുതൽ കുത്തിയോട്ട വ്രതം ആ രംഭിക്കും. കുളിച്ച് ശുദ്ധിയോടെ ക്ഷേത്രത്തിൽ എത്തിയ ബാലൻമാർ ദേവിയുടെ മുന്നിലുള്ള പള്ളിപ്പലകയിൽ കാണിക്ക അർപ്പിച്ചശേഷം മേൽശാന്തിയിൽ നിന്നും തീർഥവും പ്രസാദവും വാങ്ങി വ്രതാരംഭം കുറിച്ചു.
വ്രത ശുദ്ധിയോടെ ക്ഷേത്ര അകത്തട്ടിൽ ഏഴു ദിവസം കഴിയുന്ന ബാലൻമാർ ദേവിയുടെ മുൻപിൽ 1008 നമസ്കാരം നടത്തും. ഒൻപതാം ഉത്സവ ദിവസം വൈകുന്നേരം ബാലൻമാരെ അണിയിച്ചൊരുക്കി ദേവിയുടെ മുൻപിൽവച്ച് ചൂരൽ കുത്തുന്നു. തുടർന്ന് ദേവിയുടെ എഴുന്നള്ളതിന് ബാലകർ അകന്പടി സേവിക്കും. എഴുന്നള്ളത് തിരികെ ക്ഷേത്രത്തിലെത്തിയ ശേഷം ചൂരൽ ഇളക്കുന്നതോടെ കുത്തിയോട്ട വ്രതം അവസാനിക്കും. അതേസമയം പൊങ്കാലയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പൊങ്കാലയിടാനായി ഇടം പിടിക്കാനുള്ള തിരക്കിലാണ് ഭക്തർ. വിവിധ റസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ ഭക്തർക്ക് കുടിവെള്ള വിതരണം തുടങ്ങി.
ദർശനത്തിനെത്തുന്നവർക്ക് ഭക്ഷണ വിതരണം നടത്താനുള്ള തയാറെടുപ്പുകൾ വിവിധ സംഘടനകൾ പൂർത്തികരിച്ചു കഴിഞ്ഞു. പൊങ്കാലക്കലങ്ങളും പൂജാ സാധാനങ്ങളും വാങ്ങാ നും ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.