തീരദേശ ഹൈവേ: പദ്ധതിയെപറ്റി ജനപ്രതിനിധികൾക്കും വ്യക്തതയില്ല
1339815
Monday, October 2, 2023 12:01 AM IST
വിഴിഞ്ഞം: സ്വകാര്യ ഏജൻസിയുടെ മേൽനോട്ടത്തിൽ പിങ്ക് കല്ലുകൾ നാട്ടി മാസങ്ങൾ കഴിയുമ്പോഴും തീരദേശ ഹൈവേ പദ്ധതിയെക്കുറിച്ച് ജനപ്രതിനിധികൾക്കും വ്യക്തതയില്ല. കേരളത്തിന്റെ അതിർത്തിയായ തെക്കെ കൊല്ലംകോടിൽ നിന്നുമാരംഭിച്ച് പതിനഞ്ച് മീറ്റർ വീതിയിൽ 590 കിലോമീറ്റർ നീളുന്നതാണ് തീരദേശ ഹൈവേ.
നെയ്യാറും കടലും സംഗമിക്കുന്ന പൊഴിക്കരയിൽ കൂറ്റൻ പാലം നിർമിച്ചു കുളത്തൂർ -പൂവാർ പഞ്ചായത്തുകളെ തമ്മിൽ ബണ്ഡിപ്പിച്ച് കടൽക്കരയിൽകൂടി കോട്ടുകാൽ പഞ്ചായത്തിലെ അടിമലത്തുറ വഴി നിലവിലെ വിഴിഞ്ഞം - കളിയിക്കാവിള തീരദേശ റോഡിൽ എത്തും. അവിടെ നിന്ന് കോവളം ജംഗഷനിലൂടെ കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ സംഗമിക്കുന്ന തരത്തിലാണ് കല്ലുകൾ നാട്ടിയിരിക്കുന്നത്.
എന്നാൽ വരാൻ പോകുന്ന റോഡിനായി എത്ര ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നോ, ആരുടെയെല്ലാം ഭൂമി നഷ്ടമാകുമെന്നതുൾപ്പെടെ ഒരു കാര്യവും പൊതുജനത്തിനറിയില്ല. കോടികൾ മുടക്കി നിർമിക്കുന്ന ഹൈവേയുടെ ഡിപിആറിനെക്കുറിച്ച് ജനപ്രതിനിധികൾക്കും ബോധ്യമില്ല.
പൊതുജനാഭിപ്രായമോ, നഷ്ടപരിഹാരത്തെക്കുറിച്ചുള്ള ചർച്ചകളോ, അവലോകന യോഗങ്ങളോ ഒന്നും തന്നെ നടത്താതെയുള്ള കല്ലിടലിൽ ഇതിനോടകംതന്നെ വ്യാപക പ്രതിഷേധം ഉയർന്നുകഴിഞ്ഞു.
ചില വീടുകളുടെ അടുക്കള വരെ നഷ്ടമാകുന്ന തരത്തിൽ മുന്നറിയിപ്പില്ലാതെയാണ് സ്വകാര്യ ഏജൻസികളുടെ കല്ലിടൽ കർമം നടന്നത്. വിഴിഞ്ഞം വരെ എത്തുന്നതിനിടയിൽ തീരദേശത്തെ കാരോട് , കുളത്തൂർ, പൂവാർ , കരിംകുളം, കോട്ടുകാൽ പഞ്ചായത്തുകളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്.
എന്നാൽ ഇവിടത്തെ ജനപ്രതിനിധികൾക്കും അലൈൻമെന്റിനെക്കുറിച്ച് യാതൊരറിവുമില്ല.അത്യാവശ്യത്തിനുഭൂമി കൈമാറ്റം നടത്താൻ പോലും തടസമായ പിങ്ക് കല്ലുകളിൽ ചിലത് ഇതിനോടകം നഷ്ടമായതായും പറയപ്പെടുന്നു.