നഗരപരിധിയിൽ വിവിധ സ്ഥലങ്ങളിൽ മരം വീണു
1339809
Monday, October 2, 2023 12:01 AM IST
പേരൂർക്കട: നഗരപരിധിയിൽ വിവിധ സ്ഥലങ്ങളിൽ മരംവീണു. ഫയർഫോഴ്സ് അധികൃതർ എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. ഞായറാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ആണ് വിവിധ സ്ഥലങ്ങളിൽ മരങ്ങൾ വേരോടെ പിഴുത് വീണത്.
പാങ്ങോട് മിലിറ്ററി ക്യാമ്പിനുള്ളിൽ ഇന്നലെ രാവിലെ 11 മണിയോടുകൂടി കൂറ്റൻ തണൽ മരം വീണു. 12 മണിയോടുകൂടി പൂജപ്പുര വനിതാ ജയിലിന് സമീപത്തുനിന്ന് തണൽ മരം ഒടിഞ്ഞുവീണു. സമീപത്തെ വീടിന്റെ മേൽക്കൂരയ്ക്ക് അടുത്താണ് തണൽ മരം വീണത്. നാശനഷ്ടങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.
നന്ദൻകോട് ദേവസ്വം ബോർഡ് ജംഗ്ഷനിൽ ഗ്രാൻഡ് ബസാർ സൂപ്പർ മാർക്കറ്റിനുള്ളിൽ തീപിടിത്തം ഉണ്ടായി. ഷോർട്ട് സർക്യൂട്ട് ആണ് കാരണമായത് വൈദ്യുതോപകരണങ്ങൾ ഒന്നും കത്തി നശിച്ചിട്ടില്ല. ആളപായവും ഉണ്ടായിട്ടില്ല.
ഫയർഫോഴ്സ് അധികൃതർ പരിശ്രമിച്ചാണ് തീപിടിത്ത വ്യാപനം തടഞ്ഞത്. തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽ നിന്ന് സ്റ്റേഷൻ ഓഫീസർമാരായ രാമമൂർത്തി, ജയകുമാർ, അസി. സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഡ്രൈവർ സജി, ഫയർമാൻമാരായ അരുൺകുമാർ, വിഷ്ണു, ശരത് എന്നിവർ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു.