വിഴിഞ്ഞം തുറമുഖം: ആദ്യകപ്പൽ ഇന്ത്യൻ തീരംതൊട്ടു
1339306
Saturday, September 30, 2023 12:21 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമടുക്കാനുള്ള ചൈനീസ് കപ്പൽ ഷെൻ ഹുവ - 15 ഇന്നലെ ഇന്ത്യൻ തീരം തൊട്ടു.
ചൈനയിലെ ഷാംങ്ഹായ് തുറമുഖത്തിൽ നിന്നുള്ള ഒരു മാസത്തെ യാത്രക്കൊടുവിൽ ഇന്നലെ രാവിലെ പതിനൊന്നോടെ ഗുജറാത്ത് മുദ്രാ പോർട്ടിൽ അടുത്തു. കഴിഞ്ഞ ഞായറാഴ്ച വിഴിഞ്ഞത്തിനും 24 നോട്ടിക്കൽ മൈൽ മാത്രം അകലെയുള്ള അന്താരാഷ്ട്രകപ്പൽ ചാനൽ വഴി കടന്നുപോയ കപ്പലാണ് ഗുജറാത്തിൽ അടുത്തത്.
വിഴിഞ്ഞം തുറമുഖത്ത് ഇറക്കാനുള്ള കൂറ്റൻ ക്രെയിനുകളുമായി യാത്ര തിരിക്കുന്ന കപ്പൽ കാലാവസ്ഥ അനുകൂലമായൽ അഞ്ചു ദിവസത്തിനുള്ളിൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിടും. നേരത്തെ എത്തിയാലും സർക്കാർ നിശ്ചയിച്ച ദിവസമായ അടുത്ത മാസം 15 ന് മാത്രമേ കപ്പൽ തുറമുഖ വാർഫിൽ അടുക്കുകയുള്ളു.
കഴിഞ്ഞ ദിവസം മുതൽ പെയ്യുന്ന ശക്തമായ മഴയും കാറ്റും, കടൽക്ഷോഭവും പുലിമുട്ട് നിർമാണത്തെ ബാധിച്ചെങ്കിലും കപ്പലടുപ്പിക്കുന്നതിനുള്ള വാർഫ് നിർമാണമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് തടസമായില്ല.
ഇത്തരം പ്രവർത്തനങ്ങൾ പരമാവധി അഞ്ചാം തിയതിക്കുള്ളിൽ പൂർത്തിയാക്കിയ ശേഷം നിശ്ചയിച്ച ദിവസംതന്നെ ഷെൻഹുവായെ വിഴിഞ്ഞത്ത് സ്വീകരിക്കുമെന്നും അധികൃതർ പറയുന്നു.