ശക്തമായ മഴയില്‍ പനച്ചുമൂട് മാര്‍ക്കറ്റിൽ വെള്ളക്കെട്ടും മാലിന്യവും
1336879
Wednesday, September 20, 2023 5:28 AM IST
വെള്ളറട: ഇന്നലെ പെയ്ത ശക്തമായ മഴയില്‍ പനച്ചുമൂട് മാര്‍ക്കറ്റിനുള്ളിൽ വലിയ വെള്ളകെട്ട് രൂപപ്പെട്ടു. ഇതേതുടർന്ന് ആര്‍ക്കുംതന്നെ മാര്‍ക്കറ്റിനുള്ളില്‍ കയറാന്‍ കഴിയാതെയായി. ഓടകള്‍ തകര്‍ന്നു കിടക്കുന്ന മാര്‍ക്കറ്റിനുള്ളില്‍ വെള്ളകെട്ട് രൂക്ഷമായതോടെ കുഴിയേത് അപകടമേഖലയേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്.
ഓടയിലെ മാലിന്യമാകട്ടെ മഴവെള്ളത്തില്‍ കലർന്നു പ്രദേശമാകെ മാലിന്യംമൂടിയ അവസ്ഥയിലായി. മാര്‍ക്കറ്റിനുള്ളില്‍ വ്യാപാരികള്‍ക്കോ വ്യവസായികള്‍ക്കോ കടക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോൾ.
ഓടയിലെ മാലിന്യത്തിനൊപ്പം ശുചിമുറി മാലിന്യവും കലർന്നതോടെ ദുർഗന്ധംകാരണം ബുദ്ധിമുട്ടുകയാണ് സമീപവാസികളും. പഞ്ചായത്താകട്ടെ മാർക്കറ്റിനെ കൈവിട്ട അവസ്ഥയിലാണ്. അടിയന്തരമായി മാര്‍ക്കറ്റിനെ ശുചിയാക്കി ഗുണഭോക്താക്കള്‍ക്കായി തുറന്നുകൊടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാട്ടുകാർ.