കാട്ടാക്കട കൊലപാതകം: പ്രിയരഞ്ജനെ കസ്റ്റഡിയിൽ വാങ്ങി
1336640
Tuesday, September 19, 2023 3:29 AM IST
കാട്ടാക്കട: പതിനഞ്ചുകാരനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജനനെ കാട്ടാക്കട പോലീസ് കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങി. ഏഴു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആറു ദിവസം കോടതി അനുവദിച്ചു.
കൃത്യം നടത്തിയശേഷം പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന പ്രദേശങ്ങളിൽ എത്തിച്ചു തെളിവ് എടുക്കും. കളിയിക്കാവിള, കുഴിത്തുറ, കോയമ്പത്തൂർ, മൈസൂർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ പ്രതി ഒളിവിൽ കഴിയവേ സഞ്ചരിക്കുകയും വിവിധ ഇടങ്ങളിൽ തങ്ങുകയും ചെയ്തു.
ഇവിടങ്ങളിലെല്ലാം ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവർ, ഒളിവിൽ കഴിയാൻ സഹായിച്ചവർ, സിം വാങ്ങിയ സ്ഥാപനം ഉൾപ്പെടെ വിവിധ ഇടങ്ങളിലെത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. കാട്ടാക്കട എസ്എച്ച് ഷിബു കുമാറാണ് ഇന്നലെ പ്രതിയെ കോടതിയിൽനിന്നും കസ്റ്റഡിയിൽ വാങ്ങിയത്. മെഡിക്കൽ പരിശോധനകൾക്കുശേഷം കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് പ്രിയരഞ്ജനെ എത്തിച്ചു.
ഇക്കഴിഞ്ഞ മുപ്പതാം തീയതിയാണ് പൂവച്ചൽ പുളിങ്കോട് ക്ഷേത്രത്തിനു മുൻവശത്തുവച്ച് പത്താം ക്ലാസ് വിദ്യാർഥി പൂവച്ചൽ പുളിങ്കോട് അരുണോദയത്തിൽ അരുൺകുമാർ-ഷീബ ദമ്പതികളുടെ മകനായ ആദിശേഖരിനെ പ്രിയരഞ്ജൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ആദ്യം അപകട മരണമെന്നാണ് കരുതിയത്. അകന്ന ബന്ധുവായതുകൊണ്ടുള്ള സംശയവും സിസിടിവി ദൃശ്യങ്ങളുമെല്ലാം മനഃപൂർവമായ അപകടത്തിലേക്ക് വിരൽ ചൂണ്ടി. തുടർന്ന് പോലീസ് നടത്തിയ വിശദ അന്വേഷണത്തിൽ മുൻ വൈരാഗ്യത്തിലാണ് പ്രതി കൊലപാതകം നടത്തിയതെ ന്നു തെളിയുകയായിരുന്നു.