മലയാറ്റൂരിനു ഉചിതമായ സ്മാരകം ഉണ്ടാകണം: ഡോ. ജോർജ് ഓണക്കൂർ
1298788
Wednesday, May 31, 2023 4:27 AM IST
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക മേഖലയെ തന്നെ ഒരു കാലത്ത് നിയന്ത്രിച്ചിരുന്നു മലയാറ്റൂർ രാമകൃഷ്ണൻ എന്ന് നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂർ. മലയാറ്റൂരിനു സ്മാരകം കേരളത്തിൽ ഉണ്ടാകുന്നില്ല എന്നത് വളരെ ദുഃഖകരമാണെന്നും ഓണക്കൂർ ചൂണ്ടിക്കാട്ടി. മലയാറ്റൂർ ഫൗണ്ടേഷൻ രണ്ടാമത് സാഹിത്യ അവാർഡ് "ആന്റിക്ലോക്ക്' എന്ന നോവൽ രചിച്ച വി.ജെ. ജയിംസിനു സമ്മാനിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കരമനയിലെ ശാസ്ത്രിനഗർ അസോസിയേഷൻ ഹാളിൽ നടന്ന മലയാറ്റൂർ സാംസ്കാരിക സായാഹ്നത്തിന്റെ ഉദ്ഘാടനവും ഡോ. ജോർജ് ഓണക്കൂർ നിർവഹിച്ചു. സ്വാമി എന്ന് താൻ വിളിച്ചിരുന്ന മലയാറ്റൂരുമായി ദീർഘകാലത്തെ ആത്മബന്ധമുണ്ടായിരുന്നു. ജോർജ് ഓണക്കൂർ പറഞ്ഞു. "അമൃതംതേടി' എന്ന മലയാറ്റൂരിന്റെ പുസ്തകം കവി പി. ഭാസ്കരനും ചിത്രകാരൻ ബി.ഡി. ദത്തനും തനിക്കുമാണ് സമർപ്പിച്ചിരിക്കുന്നത്. മലയാറ്റൂരിന്റെ സ്നേഹ നിർബന്ധം കൊണ്ട് താൻ രചിച്ച ഉഴവുചാലുകൾ എന്ന നോവൽ മലയാറ്റൂരിനാണ് സമർപ്പിച്ചിട്ടുള്ളത്. എഴുത്തിലെ പുതിയ തലമുറകളെ ചേർത്തുപിടിക്കുവാൻ മലയാറ്റൂർ ശ്രദ്ധിച്ചിരുന്നു. മലയാറ്റൂരിനെ കുറിച്ച് ദൂരദർശനു വേണ്ടി താൻ സംവിധാനം നിർവഹിച്ച ഡോക്യുമെന്ററിയെക്കുറിച്ചും ഓണക്കൂർ പരമാർശിച്ചു.
മലയാറ്റൂർ തന്റെ വീട്ടിൽ എത്തി സമ്മാനിച്ച ’കണ്ണുകൾ’ എന്ന പെയിന്റിംഗ് ഇന്നും നിധി പോലെ സൂക്ഷിച്ചിരിക്കുകയാണ് എന്നും ഓണക്കൂർ വ്യക്തമാക്കി.
വി.ജെ. ജയിംസിന്റെ രചനകൾ തികഞ്ഞ ആത്മബോധത്തിൽ നിന്നുയിർകൊണ്ടതാണ്. ഏത് പേരുകളിൽ അറിയപ്പെട്ടാലും സത്യം ഒന്നേയുള്ളൂവെന്ന് സാഹിത്യകാരൻ കണ്ടെത്തുന്നു. അതുകൊണ്ടാണ് എഴുത്തുകാരൻ വാഗീശ്വരൻ ആകുന്നതെന്നും ജോർജ് ഓണക്കൂർ പറഞ്ഞു. ചടങ്ങിൽ ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് നൗഷാദ് എം. അലി അധ്യക്ഷത വഹിച്ചു.
മജീഷ്യൻ ഗോപിനാഥ് മുതുകാട് മലയാറ്റൂർ അനുസ്മരണ പ്രഭാഷണം നടത്തി. മലയാറ്റൂർ ഫൗണ്ടേഷൻ യുവജനങ്ങൾക്കായി നടത്തിയ ലേഖന മത്സരത്തിൽ വിജയിച്ച അജീഷ് ജി. ദത്തൻ, രമ്യ ആർ. പിള്ള, വി. രഞ്ജിത്ത് എന്നിവർക്കുള്ള അവാർഡുകൾ ഡോ. ജോർജ് ഓണക്കൂർ സമ്മാനിച്ചു. ’മലയാറ്റൂർ ഫൗണ്ടേഷൻ ഓർമകളുടെ ആൽബം’ എന്ന പ്രസിദ്ധീകരണത്തിന്റെ പ്രകാശനം നോവലിസ്റ്റ് കെ.വി. മോഹൻകുമാർ നിർവഹിച്ചു. ഫൗണ്ടേഷൻ മുതിർന്ന അംഗം വി. ചന്ദ്രശേഖരൻ പിള്ള ആദ്യപ്രതി ഏറ്റുവാങ്ങി. സാഹിത്യമത്സര ജൂറി ചെയർമാൻ സി. റഹീം, ശാസ്ത്രിനഗർ അസോസിയേഷൻ പ്രസിഡന്റ് എൻ. സോമരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. വി.ജെ. ജയിംസ് മറുപടി പ്രസംഗം നടത്തി. ഫൗണ്ടേഷൻ സെക്രട്ടറി പി.ആർ. ശ്രീകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ശോഭ രാജ്മോഹൻ നന്ദിയും പറഞ്ഞു.
സ്വന്തം ലേഖിക