തീരദേശ വികസന കോർപറേഷന് പുതിയ ആസ്ഥാന മന്ദിരം
1298783
Wednesday, May 31, 2023 4:19 AM IST
തിരുവനന്തപുരം: സംസ്ഥാന തീരദേശ വികസന കോർപറേഷനു വേണ്ടി (കെഎസ്സിഎഡിസി) തിരുവനന്തപുരം കമലേശ്വരത്ത് പണി തീർത്ത ആസ്ഥാന മന്ദിരത്തിന്റെ പ്രവർത്തനോദ്ഘാടനം നാളെ ഉച്ചകഴിഞ്ഞു 3.30 ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും.മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അന്താരാഷ്ട്ര വിപണിയിൽ മൂല്യവർധിത മത്സ്യ ഉത്പന്നങ്ങളുടെ വിതരണ വിപുലീകരണത്തിന്റെ ഭാഗമായി കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി രേഖകൾ മന്ത്രി ആന്റണി രാജു കൈമാറും.
പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഏറെ സൗകര്യപ്രദമാകുന്ന രീതിയിൽ ഹാർബർ എൻജിനിയറിംഗ് വകുപ്പ്, ഫിഷറീസ് മേഖലാ ഓഫീസ്, മത്സ്യഫെഡ് ഓഫീസ്, ഹൈഡ്രോഗ്രാഫിക്ക് സർവേ ഓഫീസ് എന്നിവ ഉൾപ്പെടുന്ന കോംപ്ലക്സ് ആണ് പുതിയ കെട്ടിടത്തിലുള്ളത്. 5,400 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന ഇരുനില കെട്ടിടത്തിൽ രണ്ടു നിലകളിലായി ഓഫീസ് സമുച്ചയം, കോണ്‍ഫറൻസ് റൂം എന്നീ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ, ശശി തരൂർ എംപി എന്നിവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, മത്സ്യബന്ധന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, ഫിഷറീസ് ഡയറക്ടർ ഡോ.അദീല അബ്ദുള്ള, കെഎസ്സിഎഡിസി മാനേജിംഗ് ഡയറക്ടർ പി.ഐ.ഷേയ്ക് പരീത് തുടങ്ങിയവർ സംബന്ധിക്കും.