വകുപ്പുകൾ തമ്മിൽ തർക്കം തുടരുന്നു : സിഗ്നൽലൈറ്റുകൾ മിഴിയടച്ചിട്ട് മാസങ്ങൾ
1297589
Friday, May 26, 2023 11:38 PM IST
വിഴിഞ്ഞം: കെൽട്രോണും ദേശീയപാത അധികൃതരും വകുപ്പ് മേധാവികളും തമ്മിലുള്ള തർക്കം തുടരുന്നതോടെ സിഗ്നൽലൈറ്റുകൾ നോക്കുകുത്തികളാകുന്നു. കോവളം ബൈപാസിൽ വാഴമുട്ടത്ത് സ്ഥാപിച്ച സിഗ്നൽ ലൈറ്റിന്റെ തകരാർ പരിഹരിക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ നാല് മാസത്തിനുള്ളിൽ നിരവധി അപകടങ്ങളും നിരവധി പേരുടെ ജീവനും നഷ്ടമായ സ്ഥലത്ത് പരിക്കേറ്റവരുടെ കണക്കെടുക്കാൻ മാത്രം എത്തുന്ന ബന്ധപ്പെട്ടവർ തിരിഞ്ഞ് നോക്കാത്തതിനെതിരെ ജനരോഷമുയരുകയാണ്. ഏറെ വാഹനത്തിരക്കുള്ള കഴക്കൂട്ടം - കാരോട് ബൈപ്പാസിൽ പാച്ചല്ലൂർ റോഡ് തിരിയുന്ന വാഴമുട്ടത്തെ സിഗ്നലുകളാണ് കണ്ണടച്ച് മാസങ്ങൾ കഴിഞ്ഞിട്ടും തിരിഞ്ഞ് നോക്കാൻ ആളില്ലാതായത്. ബൈപ്പാസ് നിർമാണം പൂർത്തിയാക്കി ഗതാഗതത്തിന് ഔദ്യോഗികമായി തുറക്കുന്നതിന് മുൻപ് നടന്ന അപകടങ്ങളിൽ ഉയർന്ന ജനരോഷത്തെ തുടർന്നാണ് ദേശീയ പാത അധികൃതർ കെൽട്രോണുമായി ചേർന്ന് സിഗ്നൽ സ്റ്റേഷൻ സ്ഥാപിച്ചത്. എന്നാൽ കഴിഞ്ഞ ജനുവരിൽ ജി. 20 ഉച്ച കോടിക്കായി ലോകനേതാക്കൾ വരുന്നത് കണക്കിലെടുത്ത് റോഡ് ശുചീകരിച്ച തൊഴിലാളികൾ മേഖലയിൽ നിന്ന് കിട്ടിയ ആക്രിവ സ്തുക്കൾ സമീപത്ത് കൂട്ടിയിട്ട് കത്തിച്ചത് വിനയായി. തീയുടെ ചൂടിൽ കേബിളുകൾ നശിച്ചതോടെ സിഗ്നൽ ലൈറ്റുകൾ കത്താതെയായി. അതോടെ ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങൾ ചീറിപ്പായുന്ന വാഴമുട്ടം അപകടക്കെണിയായി മാറി. മരണപ്പാച്ചിൽ നടത്തിയ ആഡംബര ബൈക്കിടിച്ച് കാൽനടയാത്രികക്കുണ്ടാ ദാരുണാന്ത്യം ഉൾപ്പെടെ നിരവധി അപകടങ്ങൾക്ക് ഇവിടം സാക്ഷിയായി. രണ്ടായിരത്തിൽപ്പരം കുട്ടികൾ പഠിക്കുന്ന വാഴമുട്ടം സർക്കാർ സ്കൂളിന്റെ ഗേറ്റിന് തൊട്ടടുത്താണ് സിഗ്നൽ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ആറുവരി പാത മുറിച്ച് കടന്ന് നിരവധി വിദ്യാർഥികൾക്ക് സ്കൂളിൽ എത്തേണ്ടതായുമുണ്ട്.
വിശാലമായി നീണ്ടുനിവർന്ന് കിടക്കുന്ന ബൈപ്പാസിൽ ഇവരുടെ ജീവന് ആര് സമാധാനം പറയും. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് വാതോരാതെ പറയുന്ന അധികൃതർക്കും സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വാഴമുട്ടത്ത് പതിയിരിക്കുന്ന അപകടക്കെണിയെക്കുറിച്ച് മിണ്ടാട്ടമില്ല. ഇതിനിടെ അറ്റകുറ്റപ്പണികൾ നടത്തി സിഗ്നലുകൾ പൂർവസ്ഥിതിയിലാക്കാതെയുള്ള ഉത്തരവാദിത്വപ്പെട്ടവരുടെ ഒത്തുകളിക്കെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. ഏതു സമയത്തും അപകടം വരുത്താവുന്ന സ്ഥലത്തെക്കുറിച്ച് സ്പെഷൽ ബ്രാഞ്ചും നിരവധിതവണ അധികൃതർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.