വള്ളം ഉടമയ്ക്ക് 25000 രൂപ പിഴയിട്ടു
1297587
Friday, May 26, 2023 11:38 PM IST
വിഴിഞ്ഞം: സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് കടലിൽ ഉല്ലാസ യാത്ര നടത്തിയ മത്സ്യബന്ധന വള്ളം ഉടമയ്ക്ക് ഫിഷറീസ് അധികൃതർ 25000 രൂപ പിഴയിട്ടു. കഴിഞ്ഞ 23 ന് വിഴിഞ്ഞം നോമാൻസ് ലാൻഡിൽ നിന്ന് ഉല്ലാസ സവാരിക്കിറങ്ങിയ വള്ളത്തിന്റെ ഉടമ വിഴിഞ്ഞം സ്വദേശി യൂജിനാണ് പിഴയിട്ടത്.
പത്ത് വയസിൽ താഴെ പ്രായമുള്ള മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും നാല് പുരുഷൻമാരുമടങ്ങിയ സംഘവുമായാണ് ഉല്ലാസ യാത്ര നടത്തിയത്.
ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെ ശക്തമായ തിരയടിയിൽ ആടിയുലഞ്ഞ് അപകടകരമായ രീതിയിൽ നീങ്ങുന്ന മത്സ്യബന്ധന ബോട്ട് ശ്രദ്ധയിൽപ്പെട്ട വിഴിഞ്ഞം തീരദേശ പോലീസിന്റെ പട്രോൾ ബോട്ട് തടഞ്ഞ് നിർത്തുകയായിരുന്നു.കസ്റ്റഡിയിലെടുത്ത വള്ളം ഓടിച്ചിരുന്ന വിഴിഞ്ഞം സ്വദേശി ജോയി, കടയ്ക്കുളം സ്വദേശി ടോണി എന്നിവർക്കെതിരെ കേസെടുത്ത ശേഷം തുടർ നടപടിക്കായി ഫിഷറീസ് വകുപ്പിന് കീഴിലെ മറൈൻ എൻഫോഴ്സ്മെന്റിന് കൈമാറുകയായിരുന്നു.
ശക്തമായകാറ്റും കടൽ ക്ഷോഭവും ഉണ്ടാകാൻ സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുള്ള സമയത്താണ് അനധികൃത ഉല്ലാസ യാത്ര നടത്തിയതെന്ന് കോസ്റ്റൽ പോലീസ് എസ്ഐ ഗിരീഷ് പറഞ്ഞു.വള്ളം കസ്റ്റഡിയിൽ വാങ്ങിയ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറാണ് അനധികൃത ഉല്ലാസ സവാരി നടത്തിയതിന് വള്ളത്തിന് പിഴയിട്ടത്. വള്ളം ഉടമ പിഴ ഒടുക്കിയതിനെ തുടർന്ന് വള്ളം വിട്ട് നൽകാൻ നിർദ്ദേശം നൽകിയതായി അസിസ്റ്റന്റ്ഡയറക്ടർ അറിയിച്ചു.