ബന്ധുക്കൾ ചേരിതിരിഞ്ഞ് ആക്രമണം; ഒരാൾക്ക് വെട്ടേറ്റു, നാലുപേർ അറസ്റ്റിൽ
1262558
Saturday, January 28, 2023 12:03 AM IST
കാട്ടാക്കട : ബന്ധുക്കൾ തമ്മിൽ വീട്ടിലും റോഡിലും വച്ചുണ്ടായ തർക്കം അക്രമത്തിൽ കലാശിച്ചു. കഴിഞ്ഞ ദിവസം പൂവച്ചലിലാണ് സംഭവം. പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി ഫാറൂഖ്, ഭാര്യ, മകൾ എന്നിവർക്കാണ് ബന്ധുവിന്റെയും സുഹൃത്തുക്കളുടെയും ആക്രമണത്തിൽ പരിക്കേറ്റത്. ഫറുഖിന്റെ സഹോദരിയുടെ മകൻ നൗഫൽ, ഇയാളുടെ സുഹൃത്ത് ബിനോയി എന്നിവർക്കും പരിക്കേറ്റു.
പൂവച്ചൽ ഉണ്ടപ്പാറ കുന്നിൽവീട്ടിൽ നൗഫൽ (20), കാട്ടാക്കട എസ്എൻ നഗർ കൈലാലയത്തിൽ ബിനോയി (20) , കാട്ടാക്കട മുളയംകോട് പൊറ്റയിൽ വീട്ടിൽ അനു (20), അനുവിന്റെ സഹോദരൻ മുളയംകോട് പൊറ്റയിൽ വീട്ടിൽ മനു (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ ഫറുഖിന്റെ പേരിലും പോലീസ് കേസെടുത്തു.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ബിനോയിയും സുഹൃത്തുക്കളുമായി ഇരുപതോളം പേരടങ്ങുന്ന സംഘം ബൈക്കുകളിൽ എത്തി ഫറൂഖിനെ വിളിച്ചിറക്കി ആക്രമിച്ചതോടെയാണ് സംഭവത്തിനു തുടക്കം. കുറുവടിയും, വാളും ഉൾപ്പെടെ ആയുധങ്ങളുമായി എത്തി നടത്തിയ ആക്രമണത്തിൽ ഫാറൂഖിന്റെ തലക്ക് വെട്ടേറ്റു. ആക്രമണ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ഫാറൂഖിന്റെ ഭാര്യ, 16 വയസുള്ള മകൻ എന്നിവർക്കും നേരിയ പരിക്കേറ്റു. ഇവരെ കാട്ടാക്കട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ ഫറൂഖും ബിനോയിയും തമ്മിൽ റോഡിൽവച്ച് വഴക്കുണ്ടായിരുന്നു. ഫറൂഖ് ഈ സമയത്ത് ബിനോയിയെയും സുഹൃത്ത് നൗഫലിനെയും മർദിക്കുകയും വാളുകാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതിനു പിന്നാലെ മർദനമേറ്റ ബിനോയി സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നൗഫൽ ഉൾപ്പടെയുള്ള സുഹൃത്തുക്കളുമായി ബിനോയി തിരികെ ഫറൂഖിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു.
അറസ്റ്റിലായ നാലുപേരെയും കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.