നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് ജമാഅത്ത് കോമ്പൗണ്ടിലേക്ക് ഇടിച്ചുകയറി
1226403
Friday, September 30, 2022 11:50 PM IST
പേരൂർക്കട: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്ത് കോമ്പൗണ്ടിലേക്ക് ഇടിച്ചുകയറി. ഇന്നലെ വൈകുന്നേരമുണ്ടായ അപകടത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റു.
സമീപത്തുണ്ടായിരുന്ന ഒരു കാറിലും ബസ് ഇടിച്ചു. കിഴക്കേകോട്ടയിൽ നിന്നും വട്ടിയൂർക്കാവ് വഴി നെടുമങ്ങാട്ടിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് ജാം ആയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് അപകടത്തിന്റെ തീവ്രത കുറച്ചത്.
ഡിപ്പോ അധികൃതർ എത്തിയാണ് റിക്കവറി വാഹനം ഉപയോഗിച്ച് ബസ് സംഭവസ്ഥലത്ത് നിന്ന് നീക്കിയത്. വട്ടിയൂർക്കാവ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.