വിഴിഞ്ഞം സമരം ഒന്നര മാസം പിന്നിട്ടു ; പിന്നോട്ടില്ലെന്ന് സമര സമിതി
1226153
Friday, September 30, 2022 12:20 AM IST
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരേ മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരം ഒന്നര മാസം പിന്നിട്ടു. ഓഗസ്റ്റ് 16 ന് ആരംഭിച്ച് ഇന്നലെ 45 ദിവസം പൂർത്തിയാക്കിയ സമരം കൂടുതൽ ശക്തമായി മുന്നോട്ട് പോകുമെന്ന് സമരസമിതി നേതാക്കൾ പറയുന്നു. തുടക്കം മുതൽ ഉന്നയിച്ച ഏഴിന ആവശ്യങ്ങൾ അംഗീകരിക്കും വരെ വിട്ടുവീഴ്ചയില്ലാതെ സമരം തുടരും.
ഇന്നലെ നടത്തിയ നിരാഹാര സമരത്തിന് പിന്തുണയുമായി മര്യനാട് ഇടവകയിൽ നിന്നുള്ള നൂറ് കണക്കിന് മത്സ്യത്തൊഴിലാളികൾ പന്തലിൽ എത്തി. ഫാ. ഫ്രെഡി സോളമൻ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ഫാ. ബാബുരാജ്, ആസ്കർ പാട്രിക്, ജ്ഞാന സെൽവം, മെഡോണ, സിൽവസ്റ്റർ മൈക്കിൾ എന്നിവർ ഉൾപ്പെടെ ഏഴു പേർ നിരാഹാരമനുഷ്ടിച്ചു.
ഫാ.ലോറൻസ് കുലാസ്, ജോസഫ് ജോൺസൺ, ജോഷി റോബർട്ട്, ഫാ.തിയോഡോഷ്യസ്, ഫാ. ഫ്രഡി സോളമൻ, ഫാ ബാബുരാജ്, ജോയി ജെറാൾഡ്, ജോയി വിൻസന്റ്, ഫാ. ജനിസ്റ്റൻ എന്നിവർ പിന്തുണ നൽകി പ്രസംഗിച്ചു.
ഐക്യദാർഢ്യവുമായി ഇടുക്കി രൂപതയിൽ നിന്ന് ഫാ. എസ്.ജെ. ആന്റണി സമര പന്തലിൽ എത്തി.