രേഷ്മ മറിയം റോയി @21
രേഷ്മ മറിയം റോയി @21
Wednesday, March 10, 2021 12:41 PM IST
പ്രായം കുറഞ്ഞ ഗ്രാമാധ്യക്ഷയുടെ അടുത്ത ലക്ഷ്യം മികച്ച അധ്യക്ഷയാകണമെന്നുള്ളതാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമാധ്യക്ഷ എന്ന നിലയില്‍ ഇന്നു പ്രശസ്തയാണ് പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി. പ്രായം 21. രാജ്യത്തു തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായം. ഇരുപത്തിയൊന്നു വയസ് പൂര്‍ത്തിയായതിന്റെ പിറ്റേന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചയാള്‍. അതോടെ 2020ലെ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി രേഷ്മയായി. കോന്നിയ്ക്കടുത്തുള്ള അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 11 ാംവാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥിയായിായിരുന്നു മത്സരം. വോെണ്ണിയപ്പോള്‍ രേഷ്മയ്ക്കു വിജയം. ഇതോടെ സംസ്ഥാന ത്തെ ഏറ്റവും ഇളയ മെംബര്‍ പദവി രേഷ്മയ്ക്കു സ്വന്തം. എല്‍ഡിഎഫിനു പഞ്ചായത്തില്‍ ഭൂരിപക്ഷം എന്നറിഞ്ഞപ്പോള്‍ രേഷ്മ പ്രസിഡന്റാകട്ടേയെന്ന് ആദ്യം അഭിപ്രായപ്പെട്ടത് സ്ഥലം എംഎല്‍എയും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റുമായ കെ.യു. ജനീഷ് കുമാറാണ്. പിന്നീട് സിപിഎം ഏരിയാ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും ഇതിന് അംഗീകാരം നല്‍കിയതോടെ രേഷ്മ റിക്കാര്‍ഡിട്ടു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി രേഷ്മ മറിയം റോയി ഡിസംബര്‍ 30നു സത്യപ്രതിജ്ഞ ചെയ്തു.

വിദ്യാര്‍ഥിയുടെ റോളില്‍ നിന്ന് ...

രേഷ്മ മറിയം റോയി കോന്നി വിഎന്‍എസ് കോളജില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയത് ഇക്കഴിഞ്ഞ വര്‍ഷമാണ്. ഇനി എല്‍എല്‍ബിക്കു ചേരണമെന്ന ആഗ്രഹത്തില്‍ കഴിഞ്ഞുവരവേയാണ് പുതിയ ദൗത്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ചിന്ത ഉണ്ടായിരുന്നില്ല. ബിരുദപഠനത്തിനു ചേര്‍ന്നതോടെയാണ് സജീവ രാഷ്ട്രീയത്തില്‍ ശ്രദ്ധിച്ചത്. എസ്എഫ്‌ഐയുടെ ജില്ലാ സെക്രേട്ടറിയറ്റിലും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയിലും അംഗമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ സെപ്റ്റംബര്‍, ഒക്ടോബര്‍ കാലയളവില്‍ ആകുമെന്ന് കരുതി. അപ്പോള്‍ 21 വയസ് പൂര്‍ത്തിയാകുമായിരുന്നില്ല. നവംബര്‍ 18നായിരുന്നു ജന്മദിനം. 21 വയസ് പൂര്‍ത്തിയായതിന്റെ പിറ്റേന്ന് പാര്‍ട്ടി നിര്‍ദേശപ്രകാരം നാമനിര്‍ദേശ പത്രിക നല്‍കി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു പത്രിക നല്‍കേണ്ട അവസാനദിനമായിരുന്നു അത്. വനിതാ സംവരണ വാര്‍ഡിലായിരുന്നു കന്നി അങ്കം. യുഡിഎഫിന്റെ ഉറച്ച വാര്‍ഡായിരുന്ന ഊട്ടുപാറയില്‍ 70 വോിന്റെ ഭൂരിപക്ഷത്തില്‍ രേഷ്മയ്ക്കു വിജയിക്കാനായി.

കുടുംബത്തിന്‍റെ പിന്തുണ

പഠനത്തോടൊപ്പം പൊതുപ്രവര്‍ത്തനത്തിന് മാതാപിതാക്കള്‍ ഉറച്ച പിന്തുണ നല്‍കിയിരുന്നു. ഇന്നിപ്പോള്‍ മകള്‍ സ്വന്തം പഞ്ചായത്തിന്റെ പ്രസിഡന്റാകുകയും വാര്‍ത്തകളില്‍ നിറയുകയും ചെയ്തപ്പോള്‍ അവര്‍ക്കും സന്തോഷം. പിതാവ് റോയി ടി. മാത്യു, മാതാവ് മിനി റോയി, സഹോദരന്‍ റോബിന്‍ മാത്യു റോയി എന്നിവരടങ്ങുന്നതാണ് കുടുംബം. തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അവരുടെ പിന്തുണയോടെയാണ്. അവസരം ലഭിച്ചാല്‍ മത്സരിക്കണമെന്ന രേഷ്മയുടെ ആഗ്രഹത്തിന് കുടുംബാംഗങ്ങള്‍ എതിര്‍പ്പു പറഞ്ഞില്ല. തന്നെയുമല്ല, എല്ലാ പിന്തുണയും നല്‍കി കൂടെനിന്നു. പൊതുപ്രവര്‍ത്തനത്തിനൊപ്പം പഠനവും തുടരണമെന്ന ആഗ്രഹമാണ് മാതാപിതാക്കള്‍ക്കുമുള്ളത്. രേഷ്മയും അത് ആഗ്രഹിക്കുന്നുണ്ട്.

യുവതയുടെ മുന്നേറ്റം

ഈ തെരഞ്ഞെടുപ്പ് യുവതയുടെ മുന്നേറ്റമാണ്. 21 വയസ് പൂര്‍ത്തിയായ ഉടന്‍ തന്നെപ്പോലെയുള്ളവരെ ഒരു തദ്ദേശസ്ഥാപനത്തിന്റെ ഭരണം ഏല്പിക്കാന്‍ ധൈര്യം കാട്ടിയ പ്രസ്ഥാനത്തോട് ഏറെ കടപ്പാടുണ്ട്. തിരുവനന്തപുരത്ത് കൗണ്‍സിലിലെ ഏറ്റവും പ്രായം കുറഞ്ഞ ആര്യ രാജേന്ദ്രന്‍ മേയറായി. സംസ്ഥാനത്തിന്റെ മറ്റു പല സ്ഥലങ്ങളിലും 22 വയസുകാര്‍ പ്രസിഡന്റായെത്തി. നിരവധി മെംബര്‍മാരാണ് ചെറുപ്രായത്തില്‍ ജയിച്ചെത്തിയിട്ടുള്ളത്. പഠനകാലത്തു തന്നെ തങ്ങളെ പൊതു സമൂഹം അംഗീകരിച്ചതില്‍ ഏറെ അഭിമാനമുണ്ട്. യുവജനങ്ങള്‍ക്കു പ്രാതിനിധ്യം ഏറിവരുന്നതില്‍ ഏറെ സന്തോഷവുമുണ്ട്. മാറ്റങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ക്കു കഴിയുമെന്നതാണ് പ്രത്യേകത. തലമുറമാറ്റത്തിനു നേതൃത്വം തയാറാകുന്നതിന്റെ സൂചനയാണിത്. തനിക്കു സ്ഥാനാര്‍ഥിത്വം നല്‍കുന്നതിലും പിന്നീട് പ്രസിഡന്റാക്കുന്നതിലുമൊക്കെ സിപിഎം തയാറായപ്പോള്‍ ഏറെ സന്തോഷം തോന്നി. പാര്‍ട്ടിയും ജനവും ഏല്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുകയും പ്രവര്‍ത്തനമേഖലയില്‍ തിരികെ നല്‍കുകയും വേണം. ഇനി രാജ്യത്തെ മികച്ച പഞ്ചായത്ത് പ്രസിഡന്റാകണമെന്നതാണ് എന്റെ ആഗ്രഹം.


പുതിയ ഉത്തരവാദിത്വങ്ങളെക്കുറിച്ച്

മലയോര ഗ്രാമമാണ് എന്റെ സ്വന്തം നാട്. അടിസ്ഥാന സൗകര്യ വികസനത്തിനാണ് മുന്‍ഗണന. ഇന്നിപ്പോള്‍ അരുവാപ്പുലം മറ്റൊരു തലത്തില്‍ സംസ്ഥാനത്തു ശ്രദ്ധിക്കപ്പെടുകയാണ്. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലെ 13ാമത്തെ മെഡിക്കല്‍ കോളജ് കോന്നി താലൂക്കില്‍ ആരംഭിച്ചിട്ടുള്ളത് അരുവാപ്പുലം ഗ്രാമപഞ്ചായത്തിലാണ്. ആനകുത്തിയെന്നും നെടുമ്പാറമലയെന്നുമൊക്കെ അറിയപ്പെിരുന്ന പഴയ മുളകു കൊടിത്തോട്ടം ഇന്നിപ്പോള്‍ മെഡിക്കല്‍ കോളജ് കാമ്പസായി മാറി. ഒപിയുടെ പ്രവര്‍ത്തനം സെപ്റ്റംബറില്‍ ആരംഭിച്ചു. അടുത്ത മാസം കിടത്തി ചികിത്സ ആരംഭിക്കുന്നതോടെ പത്തനംതിട്ട ജില്ലയുടെ പ്രഥമ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പൂര്‍ണസജ്ജമാകും. അടുത്തവര്‍ഷം കുട്ടികള്‍ക്ക് പ്രവേശനം നല്‍കിത്തുടങ്ങാനാകും. ആധുനികമായ എല്ലാ സൗകര്യങ്ങളോടെയുമാണ് മെഡിക്കല്‍ കോളജ് വരുന്നത്. ഇതിനൊപ്പം പ്രാദേശികമായ സൗകര്യങ്ങള്‍ വിപുലപ്പെടുത്തേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനുണ്ട്. നാട്ടിലുണ്ടാകുന്ന വികസന പ്രവര്‍ത്തനത്തിനൊപ്പം സഞ്ചരിക്കുകയെന്നതാണ് എന്റെ ഉത്തരവാദിത്വം.

പഞ്ചായത്ത് ഭരണസംവിധാനങ്ങളെക്കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട്. കിലയുടെ ക്ലാസ് ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. പദ്ധതി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച അവലോകനം നടത്തിയിരുന്നു. കാര്‍ഷിക മേഖലയാണ് ഈ നാട്. ഇതിനൊപ്പം വനത്തോടു ചേര്‍ന്ന പ്രദേശം കൂടിയായതിനാല്‍ കാട്ടുമൃഗ ശല്യം ഏറെ. ഇതിനെ നേരിടാന്‍ പഞ്ചായത്തിന് എന്തു ചെയ്യാനാകുമെന്ന് ആലോചനയിലാണ്. ജാഗ്രതാസമിതി യോഗം വിളിച്ച് കാട്ടുപന്നി ശല്യത്തിനെതിരെ നിലവിലുള്ള നിര്‍ദേശങ്ങള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കും. കുടിവെള്ള പ്രശ്‌നം, റോഡ്, വഴിവിളക്കുകള്‍ തുടങ്ങിയ അടിസ്ഥാന വിഷയങ്ങളില്‍ നിരന്തരമായ ഇടപെടല്‍ വേണം. അരുവാപ്പുലം, ഐരവണ്‍ പ്രദേശങ്ങളെ ബന്ധിപ്പിച്ച് അച്ചന്‍ കോവിലാറിനു കുറുകെ ഒരു പാലം വേണമെന്നത് ദീര്‍ഘകാല ആവശ്യമാണ്. മെഡിക്കല്‍ കോളജ് കൂടി വന്നതോടെ ഈ പാലം യാഥാര്‍ഥ്യമായാല്‍ കോന്നി, പത്തനാപുരം മേഖലയില്‍ നിന്ന് എത്താന്‍ എളുപ്പവഴിയാകും. പഞ്ചായത്തിലെ രണ്ടു കരകള്‍ തമ്മിലുള്ള ബന്ധമാണ് നിര്‍ദിഷ്ട പാലം. ഇതിനായി സര്‍ക്കാര്‍ സഹായം എംഎല്‍എ ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രാഥമിക നടപടികള്‍ നടന്നുവരുന്നു. ടൂറിസം മേഖലയിലും ഏറെ സാധ്യതകളുള്ള പ്രദേശമാണിത്. മെഡിക്കല്‍ കോളജ് വരുന്നതോടെ നാടിന്റെ മുഖച്ഛായ തന്നെ മാറും. അതിന് അനുസൃതമായ വികസന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമായിട്ടുള്ളത്. പഞ്ചായത്ത് കമ്മിറ്റിയിലും പാര്‍ട്ടി നേതൃത്വത്തിലുമുള്ള നേതാക്കളുടെയും പ്രമുഖരുടെയുമൊക്കെ അഭിപ്രായം സ്വീകരിച്ച് അവരുടെ കൂടി പിന്തുണയില്‍ മുന്നോട്ടുപോകാനാണ് ആഗ്രഹം.

ബിജു കുര്യന്‍