ലുക്കും സ്‌റ്റൈലും ഒന്നിക്കുന്ന ഓക്‌സിഡൈസ്ഡ് ആഭരണങ്ങള്‍
ഫാഷന്‍ ലോകത്തെ പുത്തന്‍ ട്രെന്‍ഡാണ് ഓക്‌സിഡൈസ്ഡ് ജ്വല്ലറി. ധരിക്കുന്നത് പരമ്പരാഗത വേഷമായാലും മോഡേണ്‍ വേഷമായാലും ഒരുപോലെ ഇണങ്ങിച്ചേരുന്നുവെന്ന പ്രത്യേകതയാണ് ഓക്‌സിഡൈസ്ഡ് ജ്വല്ലറിയെ ജനപ്രിയമാക്കുന്നത്. വെട്ടിത്തിളങ്ങുന്ന സ്വര്‍ണത്തേക്കാളും വെള്ളിയേക്കാളും എന്തിനേറെ, ഡയമണ്ട്, പേള്‍ ആഭരണങ്ങളേക്കാളും എല്ലാ പ്രായത്തിലുള്ളവരും ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് തിളക്കവും നിറവും കുറഞ്ഞ് മങ്ങിയ ഈ ആഭരണങ്ങളെ. വെറുതെ ഒരു ചരടില്‍ കോര്‍ത്ത് കഴുത്തില്‍ അണിഞ്ഞാല്‍ പോലും ട്രെന്‍ഡി ലുക്ക് ഗ്യാരന്റിയാണ്.

ഓക്‌സിഡൈസ്ഡ്

ജര്‍മന്‍ സില്‍വര്‍ എന്നറിയപ്പെടുന്ന ഈ മെറ്റല്‍, കോപ്പറില്‍ അലോയ് കോട്ടിംഗ് ചെയ്യുന്നതാണ്. ബ്ലാക്ക് മെറ്റല്‍, വൈറ്റ് മെറ്റല്‍ ആഭരണങ്ങള്‍ പിന്‍മാറിയ അവസരത്തിലാണ് വിലക്കുറവ് മുഖ്യ ആകര്‍ഷക ഘടകമാക്കി ഓക്‌സിഡൈസ്ഡ് മെറ്റല്‍ ആഭരണങ്ങള്‍ രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ട്രെന്‍ഡിംഗ് & അട്രാക്ടീവ്

മറ്റെല്ലാത്തരം ആഭരണങ്ങളെയും മാറ്റി നിര്‍ത്തി ഓക്‌സിഡൈസ്ഡ് ആഭരണങ്ങളണിഞ്ഞ് പ്രമുഖ നടിമാര്‍ ഉള്‍പ്പെടെ യുള്ളവര്‍ പൊതു വേദിയില്‍ എത്തിയതോടെയാണ് അവയെ സാധാരണക്കാരും ശ്രദ്ധിച്ച് തുടങ്ങിയത്. വിലക്കുറവും പ്രായഭേദമന്യേ അണിയാമെന്നതും അവയെ കൂടുതല്‍ ആകര്‍ഷകമാക്കി. ഓക്‌സിഡൈസ്ഡ് കമ്മലുകളില്‍ ജിമിക്കിയാണ് ട്രെന്‍ഡ്. സാരി, ചുരിദാര്‍, ലെഹങ്ക, അനാര്‍ക്കലി സ്യൂട്ട് തുടങ്ങി ഏത് വസ്ത്രത്തിന്റെ ഒപ്പവും യോജിച്ചു പോവും എന്നതാണ് ഓക്‌സിഡൈസ്ഡ് ജിമിക്കിയുടെ പ്രത്യേകത. 200 രൂപ മുതല്‍ മുകളിലോട്ടാണ് വില.


ഇറക്കം കുറഞ്ഞ നെക്ക്‌ലേസുകളും നൂലില്‍ കോര്‍ത്തിട്ടിരിക്കുന്ന വലിയ പെന്‍ഡന്റുകളുമടക്കം വ്യത്യസ്തമായ പലവിധ മാലകളുണ്ട്. നൂലുകളുടെ നിറത്തിലും വലിപ്പത്തിലും വ്യത്യാസം വരുത്തി മാലകള്‍ക്ക് പുതുമയും നല്‍കാം.

ഓക്‌സിഡൈസ്ഡ് മൂക്കൂത്തികള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. തികച്ചും വ്യത്യസ്തമായ ഡിസൈനുകളോടെയാണ് ഓക്‌സിഡൈസ്ഡ് മൂക്കുത്തി എത്തുന്നത്. ഇതിന്റെ വില 55 രൂപ മുതലാണ്. ഓക്‌സിഡൈസ്ഡ് വളകളാണ് മറ്റൊരു ട്രെന്‍ഡ്. ഡെനിമിനൊപ്പവും സ്യൂട്ടാവും എന്നത് മറ്റൊരു പ്രത്യേകത.

തിളക്കത്തോടെ സൂക്ഷിക്കാന്‍

* ഈര്‍പ്പരഹിതമായി വേണം ഓക്‌സിഡൈസ്ഡ് ജ്വല്ലറി സൂക്ഷിക്കാന്‍. വായുകടക്കാത്ത പാക്കറ്റുകളിലാക്കി സൂക്ഷിക്കുന്നതാണ് അഭികാമ്യം.
* അണിയുന്ന സമയത്ത് കോസ്‌മെറ്റിക് പ്രൊഡക്ടുകളോ വിയര്‍പ്പോ പെര്‍ഫ്യൂമോ ഒന്നും ജ്വല്ലറിയില്‍ കലരാതിരിക്കാന്‍ ശ്രദ്ധിക്കുക.
* ഉപയോഗശേഷം തിളക്കം നഷ്ടപ്പൊല്‍ പല്‍പ്പൊടി, ടൂത്ത് ബ്രഷ് എന്നിവ കൊണ്ട് പോളിഷ് ചെയ്ത് തിളക്കം വര്‍ധിപ്പിക്കാം.
* ടൊമാറ്റോ സോസിനകത്ത് ഓക്‌സിഡൈസ്ഡ് ജ്വല്ലറികള്‍ മുക്കിവച്ചാല്‍ തിളക്കം ലഭിക്കും.
* ഉപയോഗശേഷം കോണ്‍ ഉപയോഗിച്ച് വിയര്‍പ്പും മറ്റും തുടച്ച് കളയണം.

കീര്‍ത്തി കാര്‍മല്‍ ജേക്കബ്